റിയാദ്:സ്‌പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ബാഴ്‌സലോണയ്‌ക്ക്. തുല്യശക്തികള്‍ കളത്തിലിറങ്ങിയ കലാശപ്പോരാട്ടത്തില്‍ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെ തകര്‍ത്താണ് ബാഴ്‌സ സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. 'എല്‍ ക്ലാസിക്കോ' ഫൈനലില്‍ 3-1 നായിരുന്നു കാറ്റാലന്‍ പടയുടെ ജയം.
ഫൈനലില്‍ ഗാവി, ലെവന്‍ഡോസ്‌കി, പെഡ്രി എന്നിവര്‍ ബാഴ്‌സയ്‌ക്കായി ഗോള്‍ നേടി. മറുവശത്ത് കരീം ബെന്‍സേമയുടെ വകയായിരുന്നു റയലിന്‍റെ ആശ്വാസഗോള്‍. പരിശീലകന്‍ സാവി ഹെര്‍ണ്ടസ് ബാഴ്‌സലോണയുടെ ചുമതലയേറ്റെടുത്ത് 14 മാസം പിന്നിടുമ്പോഴാണ് ടീമിന്‍റെ കിരീട നേട്ടം.
ആവേശം വാനോളം ഉയര്‍ന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിന് മേല്‍ ബാഴ്‌സലോണ മത്സരത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ പൂര്‍ണ ആധിപത്യം തന്നെ പുലര്‍ത്തിയിരുന്നു. പലപ്പോഴും അവസരങ്ങള്‍ സൃഷ്‌ടിച്ചെടുക്കുന്നതിലും പ്രതിരോധം തീര്‍ക്കുന്നതിലും റയല്‍ പരാജയപ്പെട്ടു. ഗോൾകീപ്പർ തിബോ കോർട്ടോയിസിന്‍റെ പ്രകടനം മാറ്റിനിർത്തിയാൽ, മാഡ്രിഡിന് അനുകൂലമായിരുന്നില്ല സൂപ്പര്‍ കപ്പ് ഫൈനല്‍.
മറുവശത്ത് ബാഴ്‌സയ്‌ക്ക് തുണയായതാകട്ടെ ഗാവിയുടെ പ്രകടനമായിരുന്നു. കളം നിറഞ്ഞ് കളിച്ച 18കാരന്‍ മധ്യനിര താരം അക്ഷരാര്‍ഥത്തില്‍ ഒറ്റയ്‌ക്ക് ടീമിനെ ജയത്തിലേക്കെത്തിക്കുകയായിരുന്നു. കലാശപ്പോരാട്ടത്തില്‍ ബാഴ്‌സയ്‌ക്കായി ഒരു ഗോള്‍ നേടിയ താരം രണ്ട് ഗോള്‍ ബാഴ്‌സയുടെ അക്കൗണ്ടിലേക്ക് എത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്‌തിരുന്നു.
രണ്ടടി മുന്നില്‍ ബാഴ്‌സ:ചടുലമായ നീക്കങ്ങള്‍ക്കൊടുവില്‍ മത്സരത്തിന്‍റെ 33-ാം മിനിട്ടില്‍ ഗാവിയാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. റോബര്‍ട്ടോ ലെവന്‍ഡോസ്‌കി നല്‍കിയ പാസ് താരം കൃത്യമായി എതിര്‍ വലയില്‍ എത്തിക്കുകയായിരുന്നു. ആദ്യ ഗോളിന് ശേഷവും മുന്നേറ്റം തുടര്‍ന്ന ബാഴ്‌സലോണ 45-ാം മിനിട്ടില്‍ ലീഡുയര്‍ത്തി.