റിയാദ്:സ്‌പാനിഷ് സൂപ്പര്‍ കപ്പില്‍ 'എല്‍ ക്ലാസിക്കോ' ഫൈനലിന് കളമൊരുങ്ങി. ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാം സെമിയില്‍ റയല്‍ ബെറ്റിസിനെ വീഴ്‌ത്തി ബാഴ്‌സലോണ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ 4-2നാണ് കാറ്റലന്‍ പടയുടെ ജയം.
ആദ്യ സെമിയില്‍ വലന്‍സിയയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് നേരത്തെ തന്നെ ഫൈനലില്‍ സ്ഥാനം പിടിച്ചിരുന്നു. ഷൂട്ടൗട്ടില്‍ 4-3നായിരുന്നു റയലിന്‍റെ ജയം. ഞായറാഴ്‌ച ആണ് സ്‌പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണ കലാശപ്പോരാട്ടം.
ഷൂട്ടൗട്ടില്‍ റയല്‍ ബെറ്റിസിന്‍റെ രണ്ട് ഷോട്ട് തടഞ്ഞിട്ട് മാര്‍ക്ക് ആന്‍ഡ്രേ ടെര്‍ സ്‌റ്റീഗന്‍ ബാഴ്‌സയുടെ സൂപ്പര്‍ഹീറോ ആയത്. ബെറ്റിസിനായി മൂന്നാം കിക്കെടുത്ത ജുവാൻമി, നാലാം കിക്കെടുത്ത വില്ല്യം കാര്‍വാലോ എന്നിവരുടെ ഷോട്ടുകളാണ് ടെര്‍ സ്‌റ്റീഗന്‍ തട്ടിയകറ്റിയത്.
ജീവന്‍ മരണ പോരാട്ടത്തില്‍ തുടക്കം മുതല്‍ തന്നെ ഗോള്‍ കണ്ടെത്തി ആധിപത്യം സ്ഥാപിക്കാനായിരുന്നു ഇരു ടീമുകളുടെയും ശ്രമം. ലെവന്‍ഡോസ്‌കി, റാഫീഞ്ഞ, പെഡ്രി, ഡിയോങ് തുടങ്ങി മുന്‍ നിരതാരങ്ങളെല്ലാം റയല്‍ ബെറ്റിസ് ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടേയിരുന്നു. 11-ാം മിനിട്ടിലാണ് ബാഴ്‌സയ്‌ക്ക് മത്സരത്തില്‍ ആദ്യ സുവര്‍ണാവസരം ലഭിച്ചത്.
വലതുവശത്തിലൂടെ ബോക്‌സിലേക്ക് പാഞ്ഞെത്തിയ റാഫീഞ്ഞ പന്ത് മിഡ്‌ഫീല്‍ഡര്‍ ഗാവിയിലേക്ക് മറിച്ചു. എന്നാല്‍ പന്ത് ലെവന്‍ഡോസ്‌കിയ്‌ക്ക് വിട്ട് നല്‍കാനായിരുന്നു ഗാവിയുടെ ശ്രമം. പക്ഷേ താരത്തിന് ബാക്ക്ഹീല്‍ ചെയ്‌ത് കൃത്യമായി ലെവന്‍ഡോസ്‌കിയ്‌ക്ക് പാസ് നല്‍കാന്‍ സാധിച്ചില്ല.
തുടര്‍ന്നും റയല്‍ ബെറ്റിസ് പ്രതിരോധത്തെ ബാഴ്‌സ താരങ്ങള്‍ വിറപ്പിച്ചുകൊണ്ടേയിരുന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ പെഡ്രി 23-ാം മിനിട്ടില്‍ ബെറ്റിസ് വല കുലുക്കിയെങ്കിലും താരം ഓഫ്സൈഡില്‍ കുരുങ്ങി. വാര്‍ പരിശോധനയിലാണ് ഓഫ്‌സൈഡ് കണ്ടെത്തിയതും ബാഴ്‌സയ്‌ക്ക് ഗോള്‍ നിഷേധിച്ചതും.
പിന്നാലെ ശക്തമായി തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ റയല്‍ബെറ്റിസ് താരങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായി. പക്ഷെ ടെര്‍സ്റ്റീഗനെ കടന്ന് ഗോള്‍ നേടാന്‍ മാത്രം റയല്‍ ബെറ്റിസിനായില്ല. ഒടുവില്‍ 40-ാം മിനിട്ടില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു.