മാഡ്രിഡ്:സൂപ്പർ സ്‌ട്രൈക്കര്‍ കിലിയൻ എംബാപ്പെയുമായി കരാര്‍ പുതുക്കിയ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കെതിരെ പരാതി നല്‍കാനൊരുങ്ങി സ്പാനിഷ് ലീഗ്. സാമ്പത്തിക പ്രശ്‌നങ്ങൾ നിലനില്‍ക്കുമ്പോൾ വലിയ തുകയ്‌ക്ക് എംബാപ്പെയുമായി കരാര്‍ പുതുക്കുന്നത് യൂറോപ്യൻ ഫുട്ബോളിന്‍റെ സാമ്പത്തിക സ്ഥിരതയെ തകര്‍ക്കുന്നതാണ് ചൂണ്ടിക്കാട്ടിയാണ് സ്പാനിഷ് ലീഗ് പരാതിക്കൊരുങ്ങുന്നത്. യുവേഫ, യൂറോപ്യൻ യൂണിയൻ, ഫ്രഞ്ച് ഭരണകൂടം, ഫിസ്ക്കൽ അധികാരികൾ എന്നിവർക്ക് പരാതി നൽകുമെന്ന് ലീഗ് പ്രസ്താവനയിൽ പറഞ്ഞു.
സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിൽ ചേരുന്നതിന് പകരം പിഎസ്‌ജിയിൽ തുടരാനുള്ള എംബാപ്പെയുടെ തീരുമാനത്തിന് പിന്നാലെയാണ് ലീഗ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ കരാര്‍ യൂറോപ്യൻ ഫുട്‌ബോളിലെയും, ആഭ്യന്തര ലീഗുകളിലേയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും കായികരംഗത്തെ സമഗ്രതയും അപകടത്തിലാക്കുന്നതാണെന്നും ലീഗ് പ്രസ്‌താവനയില്‍ അറിയിച്ചു. മുൻ സീസണുകളിൽ 700 മില്യൺ യൂറോ (739 മില്യൺ ഡോളർ) നഷ്‌ടമുണ്ടാക്കിയ പിഎസ്‌ജി വലിയ തുകയ്‌ക്ക് എംബാപ്പെയുമായി വീണ്ടും കരാറിലെത്തിയതാണ് സ്‌പാനിഷ് ലീഗ് ചോദ്യം ചെയ്യുന്നത്.