ബാഴ്‌സിലോണ: സ്‌പാനിഷ് ലീഗില്‍ അവസാനസ്ഥാനക്കാരുടെ പോരാട്ടം കനക്കുന്നു. 18, 19 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാതിരിക്കാന്‍ അഞ്ച് ടീമുകളാണ് നിലവില്‍ ലീഗില്‍ മത്സരിക്കുന്നത്. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ലെവന്‍റെ മാത്രമാണ് നിലവില്‍ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്‌ത്തപ്പെട്ടിരിക്കുന്നത്.
ഗെറ്റാഫെ, ഗ്രാനഡ, കാഡിസ്, മജോർക്ക, അലാവസ് എന്നീ ടീമുകളാണ് തരംതഴ്‌ത്തല്‍ ഭീഷണി ഒഴിവാക്കാന്‍ നിലവില്‍ മത്സരിക്കുന്നത്. അവസാന മൂന്ന് സ്ഥാനങ്ങളിലാണ് നിലവില്‍ മജോർക്ക, അലാവസ് ടീമുകള്‍. പോയിന്‍റ് പട്ടികയില്‍ ചലനം സൃഷ്‌ടിക്കുന്ന ഇരു ടീമുകളുടെയും മത്സരം ഞായറാഴ്‌ച ഒരേ സമായത്താണ് നടക്കുന്നത്.
നിലവില്‍ സരുരക്ഷിത സ്ഥാനത്തുള്ളത് ഗറ്റാഫെ മാത്രമാണ്. അവസാന റൗണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്‍റാണ് ഗറ്റാഫെയ്ക്ക് ആവശ്യം. രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബാഴ്‌സിലോണയാണ് ഗറ്റാഫയുടെ എതിരാളികളില്‍ ഒന്ന്.
പുതിയ പരിശീലകൻ എറ്റോർ കരങ്കയുടെ കീഴിൽ തുടർച്ചയായി രണ്ട് വിജയങ്ങൾ നേടിയാണ് ഗ്രാനഡ നിലവില്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. കാഡിസിന് രണ്ട് പോയിന്റാണ് വരുന്ന അവസാന മത്സരങ്ങളില്‍ നിന്ന് ആവശ്യം. ഞായറാഴ്‌ച റയല്‍ മാഡ്രിഡിനെതിരായ മത്സരത്തിന് ശേഷം നിര്‍ണായകമായ മത്സരത്തില്‍ അലാവസാണ് കാഡിസിന്‍റെ എതിരാളികള്‍.
അവസാന രണ്ട് മത്സരങ്ങളിലും മജോര്‍ക്കയ്‌ക്കും വിജയം മാത്രമാണ് ലക്ഷ്യം. റയോ വല്ലക്കാനോയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിലാണ് ടീമിന്‍റെ ശേഷിക്കുന്ന മത്സരങ്ങള്‍ ആരംഭിക്കുന്നത്. രണ്ട് ഫൈനല്‍ മത്സരങ്ങളാണ് തങ്ങള്‍ക്ക് മുന്നിലുള്ളതെന്ന് സെവിയ്യയ്‌ക്ക് ഏതിരായ മത്സരത്തിന് ശേഷം മജോര്‍ക്ക പരിശീലകന്‍ ഹാവിയർ അഗ്യൂറെ അഭിപ്രായപ്പെട്ടിരുന്നു.
തരംതാഴ്‌ത്തല്‍ ഭീഷണി ഒഴിവാക്കാന്‍ മത്സരിക്കുന്ന അലാവസിന് നാല് പോയിന്‍റുകളാണ് ഇനി വേണ്ടത്. അവസാന സ്ഥാനക്കാരായ ലെവന്‍റെയാണ് അലാവസിന്‍റെ ഒരു എതിരാളികള്‍. തുടര്‍ന്ന് കാഡിസിനെതിരായ മത്സരം ആയിരിക്കും ഇരു ടീമുകളുടെയും ഭാവി തീരുമാനിക്കുന്നത്.