മാഡ്രിഡ്: ഖത്തർ ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്പെയിൻ നായകൻ സെർജിയോ ബുസ്‌കെറ്റ്സ്. സമൂഹ മാധ്യമത്തിലൂടെയാണ് 34 കാരനായ താരം തന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 15 വർഷത്തോളം സ്‌പാനിഷ് ടീമിനായി ബൂട്ടണിഞ്ഞിട്ടുള്ള മിഡ്‌ഫീൽഡറായ താരം 2010ൽ ലോകകപ്പ് നേടിയ ടീമിന്‍റെ ഭാഗമായിരുന്നു. നാല് ലോകകപ്പുകളിലും സ്‌പെയിനിനായി കളിച്ചിട്ടുണ്ട്.
ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സെർജിയോ ബുസ്‌കെറ്റ്സ് - ഖത്തർ ലോകകപ്പ്
സ്‌പെയിനായി 143 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 2010ൽ ലോകകപ്പ് നേടിയ ടീമിന്‍റെ ഭാഗമായിരുന്നു.
'ഏകദേശം 15 വർഷത്തിനും 143 മത്സരങ്ങൾക്കും ശേഷം ദേശീയ ടീമിനോട് വിടപറയാനുള്ള സമയം എത്തിയിരിക്കുന്നു. എന്‍റെ ദേശീയ ടീമിനെ പ്രതിനിധീകരിച്ച്, ടീമിനെ യൂറോപ്യൻ ചാമ്പ്യൻമാരും, ലോക ചാമ്പ്യൻമാരുമായി ഉയർത്താൻ കഴിഞ്ഞത് അഭിമാനകരമാണ്. ക്യാപ്‌റ്റൻ ആയിരുന്നപ്പോഴും, അല്ലാതെ കളിച്ചപ്പോഴും എന്‍റെ പരമാവധി ടീമിനായി നൽകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ബുസ്‌കെറ്റ്സ് കുറിച്ചു.
സെർജിയോ റാമോസ് (180), ഇക്കർ കാസിലാസ് (167) എന്നിവർ മാത്രമാണ് സ്‌പെയിനിനായി കൂടുതൽ മത്സരങ്ങൾ കളിച്ചവരുടെ പട്ടികയിൽ ബുസ്‌കെറ്റ്സിന് മുന്നിലായുള്ളത്. 2012 യൂറോപ്യൻ കിരീടം ഉയർത്തിയ ടീമിന്‍റെ ഭാഗമായിരുന്ന താരം ദേശീയ ടീമിനായി രണ്ട് ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും സ്‌പാനിഷ് ക്ലബ് ബാഴ്‌സലേണയ്‌ക്ക് വേണ്ടി ബുസ്‌കെറ്റ്സ് തുടർന്നും പന്ത് തട്ടും.