മാഡ്രിഡ്: ലൈംഗികാതിക്രമക്കേസില്‍ ജാമ്യം തേടിയ ബ്രസീലിയൻ ഫുട്ബോളര്‍ ഡാനി ആൽവസിന് കനത്ത തിരിച്ചടി. താരത്തിന്‍റെ അപേക്ഷ സ്‌പാനിഷ് കോടതി തള്ളി. ഡാനി ആൽവസ് രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാല്‍ കേസില്‍ അന്വേഷണം തീരും വരെ ജയിലില്‍ കഴിയണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 30ന് ബാഴ്‌സലോണയിലെ നിശാക്ലബ്ബിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു സ്‌ത്രീ നല്‍കിയ പരാതിയില്‍ ജനുവരി മുതല്‍ താത്‌കാലിക തടവിലാണ് 39കാരന്‍. പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ഇരയുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ കേൾക്കുകയും ചെയ്‌ത ശേഷമാണ് താരത്തെ ജയിലിലടക്കാൻ കോടതി ഉത്തരവിട്ടത്.
എന്നാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ ആല്‍വസ് നിഷേധിച്ചിരുന്നു. പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ഉഭയസമ്മതപ്രകാരമാണെന്നാണ് താരം പറഞ്ഞിരുന്നത്. മോചിതനായാൽ പാസ്‌പോർട്ട് സറണ്ടര്‍ ചെയ്യാനും ട്രാക്കിങ് ഉപകരണം ധരിക്കാനും ആല്‍വസ് തയ്യാറാണെന്ന് താരത്തിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ദിവസേനയാണെങ്കിലും കോടതിയിലും അധികാരികൾക്കും മുമ്പില്‍ ആവശ്യമുള്ളപ്പോഴെല്ലാം ഹാജരാവാന്‍ തയ്യാറാണ്.