റോട്ടർഡാം: ഗോൾകീപ്പർ ഉനായ് സിമോണിന്‍റെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിൽ കന്നി യുവേഫ നാഷൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട് സ്‌പെയ്‌ൻ. പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 നാണ് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് കിരീടധാരണം. നിശ്ചിത 90 മിനിറ്റിലും അധിക സമയത്തും ഗോൾരഹിതമായി തുടർന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് ക്രൊയേഷ്യൻ താരങ്ങളുടെ കിക്കുകൾ തടഞ്ഞിട്ട ഉനായ് സിമോണാണ് സ്‌പാനിഷ് പടയെ ആദ്യമായി നാഷൻസ് ലീഗ് ജേതാക്കളാക്കിയത്. ലോവ്‌റോ മയെർ, ബ്രൂണോ പെറ്റ്കോവിച് എന്നിവർക്കാണ് സിമോണിന്‍റെ ആത്മവിശ്വാസത്തിന് മുമ്പിൽ കാലിടറിയത്. അതേസമയം സ്‌പെയിനിന്‍റെ അയ്‌മെറിക് ലപോർട്ടയുടെ കിക്ക് ബാറിൽ തട്ടി മടങ്ങിയിരുന്നു.
സ്‌പെയ്‌നിനായി ജൊസെലു, റോഡ്രി, മൈകൽ മൊറിനോ, അസെൻസിയോ, ഡാനി കാർവജാൽ എന്നിവർ ലക്ഷ്യം കണ്ടു. ക്രൊയേഷ്യയ്‌ക്കായി വ്ലാസിച്, ബ്രോസോവിച്, ലൂക്ക മോഡ്രിച്ച്, ഇവാൻ പെരിസിച്ച് എന്നിവരാണ് സ്‌കോർ ചെയ്‌തത്.
വേഗതായാർന്ന നീക്കങ്ങളുമായി ഇരു ടീമുകൾക്കും ആക്രമണ ഫുട്‌ബോൾ പുറത്തെടുത്തതോടെ തുടക്കം മുതൽ മത്സരം ആവേശഭരിതമായിരുന്നു. മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റിൽ സ്‌പെയ്‌ൻ ഗോളിനടുത്തെത്തിയിരുന്നു. മൈതാനത്തിന്‍റെ ഇടതുഭാഗത്ത് നിന്നുമുള്ള ഫാബിയാൻ റൂയിസിന്‍റെ ക്രോസ് കൈപിടിയിലൊതുക്കുന്നതിൽ ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ചിന് പിഴച്ചു.
റീബൗണ്ടിൽ നിന്നും അൽവാരോ മൊറാത്തയുടെ ശ്രമം ലിവാകോവിച് തന്നെ തടയുകയായിരുന്നു. രണ്ട് മിനിറ്റുകൾക്കകം യുവതാരം ഗാവിയുടെ ദുർബലമായ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോയി. പതിയെ മത്സരത്തിലേക്ക് തിരികെയെത്തിയ ക്രൊയേഷ്യ ഇവാൻ പെരിസിച്ചിന്‍റെ ഹെഡറിലൂടെ രണ്ട് തവണ സ്‌പാനിഷ് ഗോൾമുഖം വിറപ്പിച്ചു. ഇതോടെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ 57-ാം മിനിറ്റിൽ ജോർഡി ആൽബയുടെ ക്രോസിന് തലവച്ച് മാർകോ അസെൻസിയോ ക്രൊയേഷ്യയെ ഞെട്ടിച്ചു. പിന്നാലെ 30 വാര അകലെ നിന്നുള്ള റോഡ്രിയുടെ ലോങ്‌റേഞ്ചർ ശ്രമം ക്രൊയേഷ്യയ്‌ക്ക് കാര്യമായ ഭീതി സൃഷ്‌ടിക്കാതെ കടന്നുപോയി. ഇടതുപാർശ്വത്തിൽ നിന്നും നിരന്തരം പാസുകളും ക്രോസുകളും നൽകിയ ആൽബ ക്രൊയേഷ്യൻ പ്രതിരോധത്തിന് കാര്യമായ വെല്ലുവിളിയായിരുന്നു.
ആൽബ തുടക്കമിട്ട മുന്നേറ്റത്തിനൊടുവിൽ പകരക്കാരനായി ഇറങ്ങിയ അൻസു ഫാറ്റി സ്‌പെയ്‌നിനെ മുന്നിലെത്തിച്ചെന്ന് തോന്നിപ്പിച്ചതാണ്. എന്നാൽ ഗോൾകീപ്പറെ കാഴ്‌ചക്കാരനാക്കി കുതിച്ച പന്തിനെ പെരിസിച്ച് തട്ടിയകറ്റുകയായിരുന്നു. അധികസമയത്ത് ക്രൊയേഷ്യയുടെ ലോവ്‌റോ മയർക്ക് കിട്ടിയ അവസരം സ്‌പാനിഷ് പ്രതിരോധം നിഷ്‌ഫലമാക്കി. മറുപടിയായി അൻസു ഫാറ്റി തൊടുത്തെങ്കിലും ഗോളായില്ല.
ഈ വിജയത്തോട 11വർഷത്തെ കിരീടവരൾച്ചയ്‌ക്കാണ് സ്‌പാനിഷ് പട വിരാമമിട്ടത്. അതേസമയം ക്രൊയേഷ്യയുടെ ഇതിഹാസ നായകൻ ലൂക്ക മോഡ്രിച്ചിന് ദേശീയ കുപ്പായത്തിലൊരു കിരീടമെന്ന സ്വപ്‌നം വീണ്ടും തകർന്നു.
ലൂസേഴ്‌സ് ഫൈനലിൽ നെതർലൻഡ്‌സിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഇറ്റലി മൂന്നാം സ്ഥാനം നേടി. ഡിമാർകോ, ഫ്രറ്റെസി, കിയേസ എന്നിവരാണ് ഇറ്റലിയുടെ ഗോളുകൾ നേടിയത്. സ്റ്റീവൻ ബെർഗ്വിൻ, ജോർജിനെ വൈനാൾഡം എന്നിവരിലൂടെയാണ് ഡച്ചുപട രണ്ട് ഗോളുകൾ തിരിച്ചടിച്ചത്.