മാഡ്രിഡ് : റയൽ മാഡ്രിഡിന്‍റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപം നടത്തിയ രണ്ട് സംഭവങ്ങളിൽ ഏഴ് പേരെ സ്‌പാനിഷ് പൊലീസ് അറസ്റ്റ് ചെയ്‌തു. ലാ ലിഗയിൽ വലൻസിയക്കെതിരായ മത്സരത്തിലാണ് മാഡ്രിഡ് താരമായ വിനീഷ്യസിനെ ഒരു വിഭാഗം കാണികൾ വംശീയമായി അധിക്ഷേപിച്ചത്. ഇതിനെതിരെ ശക്‌തമായ പ്രതിഷേധം ഉയർന്നതോടെയാണ് മൂന്ന് വലൻസിയ ആരാധകരെ സ്‌പാനിഷ് പൊലീസ് അറസറ്റ് ചെയ്‌തത്.
ജനുവരിയിൽ റയലിന്‍റെ പരിശീലന മൈതാനത്തിന് സമീപത്തുള്ള ഹൈവേ ബ്രിഡ്‌ജിൽ ബ്രസീൽ താരത്തിന്‍റെ കോലം തൂക്കിയ സംഭവത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്‌തത്. റയൽ മാഡ്രിഡിന്‍റെ ടീം ബസ് സ്റ്റേഡിയത്തിൽ എത്തിയത് മുതൽ വലൻസിയ ആരാധകർ വിനീഷ്യസിനെ കുരങ്ങൻ എന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്. ഇത് മത്സരത്തിനിടെയും നിരന്തരമായി ആവർത്തിച്ചതോടെ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടതോടെ മത്സരം പത്ത് മിനിറ്റോളം നിർത്തിവച്ചിരുന്നു.
ക്രൈസ്റ്റ് ദി റെഡീമറിലെ ദീപമണച്ച് ബ്രസീല്‍; അതേസമയം റിയോ ഡി ജനീറോയിലെ വിശ്വവിഖ്യാതമായ ക്രൈസ്റ്റ് ദി റെഡീമറിലെ ദീപങ്ങൾ അണച്ചാണ് ബ്രസീൽ ജനത വിനീഷ്യസിനുള്ള പിന്തുണ അറിയിച്ചത്. തിങ്കളാഴ്‌ച രാത്രി ഒരു മണിക്കൂർ നേരത്തേക്കാണ് ദീപം അണച്ചത്. ബ്രസീലിന്‍റെയും റിയോ ഡി ജനീറോയുടെയും അഭിമാന സ്‌തംഭമാണ് ക്രൈസ്റ്റ് ദി റെഡീമർ.
വംശീയതയെ എതിർത്തുകൊണ്ടുള്ള ബ്രസീലുകാരുടെ പിന്തുണയ്‌ക്ക് നന്ദി അറിയിച്ചുകൊണ്ട് വിനീഷ്യസ് രംഗത്തെത്തി. ദീപം അണച്ച ക്രൈസ്റ്റ് ദി റെഡീമർ ശിൽപത്തിന്‍റെ ചിത്രമടക്കമായിരുന്നു വിനിയുടെ ട്വീറ്റ്. കിലിയൻ എംബാപ്പെ, ബ്രസീൽ ദേശീയ ടീമിലെ സഹതാരം നെയ്‌മർ ജൂനിയർ, ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസ് എന്നിവരും വിനീഷ്യസിന് പിന്തുണയുമായെത്തി.
വംശീയാധിക്ഷേപം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ ലാലിഗ അധികൃതർക്ക് നിലവിൽ അധികാരമില്ല. കാണികളെ വിലക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതടക്കമുള്ള നിയമ ഭേദഗതികൾ വേണമെന്ന് സ്‌പാനിഷ് സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെടാനാണ് ലാ ലിഗ അധികൃതരുടെ തീരുമാനം. ഇതിനകം തന്നെ വംശീയ അധിക്ഷേപത്തിനെതിരെ റയല്‍ മാഡ്രിഡ് നിയമ നടപടികളിലേക്ക് കടന്നിട്ടുണ്ട്. സ്‌പാനിഷ് അറ്റോര്‍ണി ജനറലിനാണ് റയൽ പരാതി നല്‍കിയിരിക്കുന്നത്.
കണ്ണീരണിഞ്ഞ് വിനി; വലൻസിയക്കെതിരായ മത്സരശേഷം വിനീഷ്യസ് വംശീയാധിക്ഷേപത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. 'ഒരു സമയത്ത് റൊണാൾഡീഞ്ഞോ, റൊണാൾഡോ, ക്രിസ്റ്റ്യാനോ, ലയണൽ മെസി അടക്കം മികച്ച താരങ്ങളുടേതായി അറിയപ്പെട്ടിരുന്ന ലാ ലിഗ ഇപ്പോൾ വംശീയവാദികളുടെതാണ്. ലാ ലിഗയിൽ താൻ വംശീയാധിക്ഷേപം നേരിടുന്നത് ഇതാദ്യമല്ലെന്നും ലീഗിൽ ഇത് സാധാരണ സംഭവമാണെന്നും വിനീഷ്യസ് പറഞ്ഞു.
MORE READ :ലാ ലിഗ ക്രിസ്റ്റ്യാനോയും മെസിയും ആയിരുന്നു, ഇപ്പോൾ അത് വംശീയവാദികളുടേതാണ് : വിനീഷ്യസ് ജൂനിയർ
ഇതിനെ ആരും എതിർക്കുന്നില്ല. എതിരാളികൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്. ലാലിഗ ഫെഡറേഷനും സ്വഭാവികമെന്നോണമാണ് ഇതിനെ നോക്കിക്കാണുന്നത്. താന്‍ ഇഷ്‌ടപ്പെടുന്ന, തന്നെ സ്വാഗതം ചെയ്‌ത സ്‌പെയിന്‍ ഇപ്പോള്‍ വംശീയ വാദികളുടെ മണ്ണാണ്. സ്‌പാനിഷുകാർക്ക് താന്‍ പറയുന്ന കാര്യങ്ങൾ വിഷമമുണ്ടാക്കുമെങ്കിലും യാഥാര്‍ഥ്യം തുറന്ന് പറയാതിരിക്കാനാകില്ല.
ബ്രസീലില്‍ സ്‌പെയിന്‍ എന്നാല്‍ വംശവെറിയന്മാരുടെ രാഷ്ട്രമായിട്ടാണ് അറിയപ്പെടുന്നത്. തുടർച്ചയായുള്ള മോശം സംഭവങ്ങൾ എനിക്ക് പ്രതിരോധിക്കാനാവില്ല. പക്ഷേ വംശവെറിയൻമാർക്കെതിരെ താൻ അവസാനം വരെ പോരാടും'.- എന്നുമായിരുന്നു വിനിയുടെ കുറിപ്പ്.