സിഡ്‌നി :ഓസ്‌ട്രേലിയയിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയും ഏഷ്യൻ ശക്‌തികളായ ദക്ഷിണ കൊറിയയും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിന്‍റെ നിശ്ചിത സമയം അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കെ ദക്ഷിണ കൊറിയൻ ഡഗൗട്ടിൽ നിന്ന് പകരക്കാരിയായി കളത്തിലിറങ്ങാൻ ഒരുങ്ങുന്ന യുവതാരത്തിലേക്കായിരുന്നു ക്യാമറക്കണ്ണുകൾ സൂം ചെയ്‌തത്. കാസി ഫെയർ, ലോക ഫുട്‌ബോളിന്‍റെ ചരിത്രത്തിലേക്ക് പന്തടിച്ച് കയറാനുള്ള തയ്യാറെടുപ്പിലായിരുന്നവൾ...
കൊളംബിയയ്‌ക്കെതിരായ മത്സരത്തിന്‍റെ 78-ാം മിനിട്ടിൽ കളത്തിലിറങ്ങിയതോടെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളിൽ പന്ത് തട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിനാണ് ദക്ഷിണകൊറിയയുടെ യുവതാരം കാസി ഫെയര്‍ അർഹയായത്. ചൊ യു-റിയെ പിൻവലിച്ചാണ് കൊറിയൻ പരിശീലകൻ യുവതാരത്തിന് അവസരം നൽകിയത്. പകരക്കാരിയായി കളിക്കാനിറങ്ങിയപ്പോള്‍ താരത്തിന്‍റെ പ്രായം വെറും 16 വയസും 26 ദിവസവും മാത്രമായിരുന്നു.
ഇതോടെ 1999 ൽ യുഎസ് ആതിഥേയത്വം വഹിച്ച വനിത ലോകകപ്പില്‍ നൈജീരിയയുടെ ഐഫിയാനി ചിയേജിനെ സ്ഥാപിച്ച റെക്കോഡ് പഴങ്കഥയായി. ഗ്രൂപ്പ് ഘട്ടത്തിൽ ഉത്തര കൊറിയയ്‌ക്കെതിരായ മത്സരത്തിൽ ചിയേജിനെ ആദ്യമായി കളത്തിലിറങ്ങുമ്പോൾ പ്രായം 16 വയസും 34 ദിവസവുമായിരുന്നു.
സ്ട്രൈക്കറായി കളത്തിലിറങ്ങിയ താരം മികച്ച അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും ഗോൾ നേടാനായില്ല. മത്സരത്തില്‍ കാസി 17 മിനിട്ടാണ് കളിച്ചത്. എന്നാല്‍ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ വിജയത്തോടെ കളംവിടാൻ താരത്തിന് സാധിച്ചില്ല. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ വഴങ്ങിയ രണ്ട് ഗോളുകൾക്ക് ദക്ഷിണകൊറിയ പരാജയപ്പെട്ടു. കൊളംബിയയ്‌ക്കായി കാറ്റലീന ഉസ്‌മെ, ലിൻഡെ കൈസേഡോ എന്നിവരാണ് ഗോൾ നേടിയത്.