ഒരു മത്സരത്തിൽ 59 ഗോളുകൾ, ഇതിൽ 41ഉം സെൽഫ് ഗോളുകൾ. വിശ്വസിക്കാൻ തന്നെ പ്രയാസമാണല്ലേ. അതെ ദക്ഷിണാഫ്രിക്കയിൽ നടന്ന അവിശ്വസനീയമായ ഫുട്‌ബോൾ മത്സരത്തിന്‍റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയിലെ നാലാം ഡിവിഷൻ ടീമുകളിൽ കഴിഞ്ഞ മാസം നടന്ന മത്സരത്തിലാണ് ഇത്തരത്തിൽ ഗോളുകൾ പിറന്നത്. പിന്നാലെ മത്സരങ്ങൾ ഒത്തുകളിയാണെന്ന് മനസിലാക്കിയതോടെ ലീഗിലെ നാല് ടീമുകൾക്ക് ആജീവനാന്ത വിലക്കും അധികൃതർ ഏർപ്പെടുത്തി.
ടൂർണമെന്‍റിൽ ഒന്നാം സ്ഥാനത്തേക്കെത്താൻ 18 ഗോളുകളുടെ വിജയമായിരുന്നു മാറ്റിയാസി എഫ്‌സി എന്ന ക്ലബിന് വേണ്ടിയിരുന്നത്. എന്നാൽ മാറ്റിയാസി എഫ്‌സി 59-1 എന്ന സ്‌കോറിന് എൻസാമി മൈറ്റി ബേർഡ്‌സ് എന്ന ക്ലബിനെതിതിരെ വിജയം നേടുകയായിരുന്നു. ഇതിൽ 41ഗോളുകളും തോറ്റ ടീമായ എൻസാമി മൈറ്റി ബേർഡ്‌സിന്‍റെ വകയായിരുന്നു. കൂടാതെ മത്സരത്തിൽ തോറ്റ ടീമിന്‍റെ നാല് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്‌തു.
മറ്റൊരു മത്സരത്തിൽ ശിവുലാനി ഡെയിഞ്ചറസ് ടൈഗേഴ്‌സ് എന്ന ടീം കൊട്ടോക്കോ ഹാപ്പി ബോയ്‌സിനെ 33-1നും കീഴടക്കി. മത്സര ഫലങ്ങൾ എല്ലാം തന്നെ സംശയത്തിന്‍റെ നിഴലിലായതോടെ അധികൃതർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഇതിൽ ശിവുലാനി ഡെയിഞ്ചറസ് ടൈഗേഴ്‌സ് ലീഗിൽ ഒന്നാം സ്ഥാനത്തേക്കെത്താതിരിക്കാൻ എൻസാമിയും മാറ്റിയാസി എഫ്‌സിയും ചേർന്ന് ഒത്തുകളിച്ചു എന്ന് കണ്ടെത്തി.
രണ്ടാമത്തെ മത്സരം കളിച്ച ടീമുകളിൽ ശിവുലാനിക്ക് ഒന്നാം സ്ഥാനത്തേക്കെത്താൻ വേണ്ടി കൊട്ടോക്കോ തോറ്റ് കൊടുത്തതാണെന്നും അധികൃതർ കണ്ടെത്തി. പിന്നാലെ നാല് ടീമുകളെയും ആജീവനാന്തം വിലക്കുകയായിരുന്നു. ടീമുകൾക്ക് വിലക്കേർപ്പെടുത്തിയതോടെ നാലാം സ്ഥാനത്തുണ്ടായിരുന്ന ഗാവുല ക്ലാസിക്കിനെ ലീഗിൽ വിജയിയായി പ്രഖ്യാപിച്ചു.
ക്ലബുകൾക്കും താരങ്ങൾക്കും കൂടാതെ മത്സരത്തിൽ ഉൾപ്പെട്ട ഒഫിഷ്യലുകൾക്കും ക്ലബ് അധികൃതർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ക്ലബുകളിലെ അംഗങ്ങൾക്ക് അഞ്ച് മുതൽ എട്ട് സീസണുകൾ വരെ സസ്‌പെൻഷൻ ലഭിച്ചിട്ടുണ്ട്. മാച്ച് ഒഫീഷ്യലുകൾക്ക് പത്ത് സീസണുകളിലാണ് വിലക്ക് നൽകിയിട്ടുള്ളത്. താരങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ട്.