ന്യൂഡല്‍ഹി:കായിക താരങ്ങൾ ഉൾപ്പെട്ട പത്മ പുരസ്‌ക്കാര പട്ടികയെ ചോദ്യം ചെയ്‌ത് വനിതാ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. അർഹതയുള്ള കായിക താരങ്ങൾ പത്മാ പുരസ്‌ക്കാരത്തിനുള്ള പട്ടികയില്‍ ഇടം പിടിക്കുന്നില്ലെന്ന് അവർ ട്വീറ്റിലൂടെ പറഞ്ഞു. ആരാണ് പുരസ്‌ക്കാരത്തിന് അർഹരായവരെ തെരഞ്ഞെടുക്കുന്നതെന്നും നിലവില്‍ കളിക്കുന്നതൊ മുമ്പ് കളിച്ചിരുന്നതൊ ആയ കായിക താരങ്ങൾ പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അവർ ട്വീറ്റിലൂടെ ചോദിച്ചു.
പത്മ പുരസ്‌കാരം; ചോദ്യം ചെയ്‌ത് ഗുസ്‌തി താരം വിനേഷ് ഫോഗട്ട് - പത്മ പുരസ്‌ക്കാര പട്ടിക വാർത്ത
2019-ല്‍ വനിതാ ഗുസ്‌തി ലോക ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ വിനേഷ് ഫോഗട്ട് ഇതിനകം ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്
2019-ല്‍ വനിതാ ഗുസ്‌തിയില്‍ ലോക ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ താരം ഇതിനകം ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്. ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പിലെ റെപ്പഷാഗെ റൗണ്ടിലെ മികച്ച പ്രകടനമാണ് വിനേഷിക്ക് ഒളിമ്പിക് ബർത്ത് ഉറപ്പാക്കി കൊടുത്തത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും താരം ഇതിനകം സ്വർണമെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.
നേരത്തെ എട്ട് കായിക താരങ്ങൾക്കാണ് രാജ്യം പത്മ പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് താരം ഒളിമ്പ്യന്‍ മേരി കോമിന് രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്‌മവിഭൂഷണ് വേണ്ടിയും ലോക ചാമ്പ്യനും ഒളിമ്പ്യനുമായ ബാഡ്‌മിന്‍റണ്‍ താരം പി വി സിന്ധുവിനെ പത്‌മഭൂഷണിന് വേണ്ടിയും തെരഞ്ഞെടുത്തു. പത്മശ്രീക്കായി മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ അടക്കം ആറ് പേരെയാണ് കായികരംഗത്ത് നിന്ന് തെരഞ്ഞെടുത്തത്. സഹീര്‍ ഖാന് പുറമെ വനിത ഫുട്ബോളര്‍ ഒയിനം ബെംബം ദേവി, ഹോക്കി താരങ്ങളായ എം പി ഗണേശ്, റാണി രാംപാല്‍, ഷൂട്ടിംഗ് താരം ജിത്തു റായി, ആര്‍ച്ചര്‍ തരുണ്‍ദീപ് റായ് എന്നിവരാണ് പത്‌മശ്രീക്ക് അര്‍ഹരായത്.