ഹൈദരാബാദ്: ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ സൂപ്പർ താരം പിവി സിന്ധുവിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് പിന്മാറി പാർക്ക് ടെയ് സാങ്. അടുത്ത കാലത്തായി സിന്ധുവിന്‍റെ മോശം ഫോമിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് പാർക്ക് പരിശീലക സ്ഥാനത്ത് നിന്ന് പിന്മാറാൻ തീരുമാനിച്ചത്. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പാർക്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പാർക്ക് ടെയ് സാങിന്‍റെ പരിശീലനത്തിന് കീഴിലാണ് സിന്ധു ഒളിമ്പിക്‌സ് വെങ്കല മെഡൽ ഉൾപ്പെടെ സ്വന്തമാക്കിയത്.
പാർക്കിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്:ഹലോ, ഞാൻ ഹലോ പറഞ്ഞിട്ട് കുറച്ച് നാളായി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ഹൈദരാബാദിൽ തിരിച്ചെത്തി. ഒപ്പം അച്ഛനെ ഓർത്ത് വിഷമിച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു. സത്യം പറഞ്ഞാൽ എന്‍റെ അച്‌ഛന്‍റെ അവസ്ഥ ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. അതിനാൽ തന്നെ ഇന്ത്യയിലേക്ക് തിരികെ നടക്കുമ്പോൾ എനിക്ക് വലിയ ഭാരം അനുഭവപ്പെട്ടു.
ഇപ്പോൾ ഒട്ടേറെപ്പേർ ചോദിച്ച പിവി സിന്ധുവുമായുള്ള ബന്ധത്തെപ്പറ്റിയാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. സമീപകാലങ്ങളിൽ നടന്ന എല്ലാ മത്സരങ്ങളിലും അവൾ നിരാശാജനകമായ നീക്കങ്ങളാണ് നടത്തിയത്. ഒരു പരിശീലകനെന്ന നിലയിൽ എനിക്കും അതിൽ ഉത്തരവാദിത്തമുണ്ട്. അതിനാൽ ഇപ്പോൾ അവൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. പുതിയ കോച്ചിനെ കണ്ടെത്താൻ ആഗ്രഹിക്കുന്നു.
അവളുടെ തീരുമാനത്തെ മാനിക്കാനും അനുസരിക്കാനും ഞാൻ തീരുമാനിച്ചു. അടുത്ത ഒളിമ്പിക്‌സ് വരെ അവളുടെ കൂടെ നിൽക്കാൻ പറ്റാത്തതിൽ ഖേദിക്കുന്നു. ഇപ്പോൾ ഞാൻ ദൂരെനിന്ന് അവളെ പിന്തുണയ്‌ക്കാൻ ആഗ്രഹിക്കുന്നു. അവളോടുള്ള ഓരോ നിമിഷവും ഞാൻ ഓർമിക്കും. എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി, പാർക്ക് ടെയ് സാങ് കുറിച്ചു.