മെൽബണ്‍:2026ൽ ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിൽ മത്സര ഇനമായി വീണ്ടും ഷൂട്ടിങ് തിരിച്ചെത്തും. ബുധനാഴ്‌ച(ഒക്‌ടോബര്‍ 5) അനാച്ഛാദനം ചെയ്‌ത വിക്ടോറിയ 2026 കോമണ്‍വെൽത്ത് ഗെയിംസിന്‍റെ സമ്പൂർണ സ്‌പോർട്‌സ് പ്രോഗ്രാമിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. എന്നാൽ ഇന്ത്യയുടെ മറ്റ് രണ്ട് പ്രധാന ഇനങ്ങളായ ഗുസ്‌തിയും അമ്പെയ്‌ത്തും അടുത്ത കോമണ്‍വെൽത്ത് ഗെയിംസിലും ഉണ്ടാകില്ല.
ഈ വർഷമാദ്യം ബർമിങ്‌ഹാം കോമണ്‍വെൽത്ത് ഗെയിംസിൽ നിന്ന് വിവാദപരമായി ഒഴിവാക്കിയ ഷൂട്ടിങിന്‍റെ തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മെഡൽ വാരിക്കൂട്ടാനുള്ള അവസരം കൂടിയാണ്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവുമധികം മെഡലുകൾ വാരിക്കൂട്ടുന്ന കായിക ഇനമാണ് ഷൂട്ടിങ്. കോമണ്‍വെൽത്ത് ഗെയിംസിൽ ഇതുവരെ 63 സ്വർണം, 44 വെള്ളി, 28 വെങ്കലം എന്നിവയുൾപ്പെടെ 135 മെഡലുകളാണ് ഇന്ത്യ ഷൂട്ടിങ്ങിലൂടെ സ്വന്തമാക്കിയത്.
2018ലെ ഗോൾഡ് കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിൽ 7 സ്വർണം, 4 വെള്ളി, 5 വെങ്കലം എന്നിവയുൾപ്പെടെ 16 മെഡലുകൾ ഇന്ത്യൻ ഷൂട്ടർമാർ വാരിക്കൂട്ടിയിരുന്നു. 2014ല്‍ 17 മെഡലുകളും 2010ല്‍ 30 മെഡലുകളും ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതേസമയം എക്കാലത്തും ഇന്ത്യയുടെ കുത്തകയായിരുന്ന ഗുസ്‌തിയുടെ അഭാവം ഇത്തവണ വൻ തിരിച്ചടിയാകും നൽകുക.
മലർത്തിയടിക്കാൻ ഗുസ്‌തിയില്ല: കോമണ്‍വെൽത്തിൽ 49 സ്വർണം, 39 വെള്ളി, 26 വെങ്കലം എന്നിവയുൾപ്പെടെ 114 മെഡലുകളാണ് ഗുസ്‌തിയിൽ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ തവണ ബർമിങ്‌ഹാമിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിൽ 6 സ്വർണം, 1 വെള്ളി, 5 വെങ്കലം എന്നിവയുൾപ്പെടെ 12 മെഡലുകൾ ഇന്ത്യ ഗുസ്‌തിയിൽ സ്വന്തമാക്കിയിരുന്നു.