ദുബായ് : ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഏറെ ആരാധകരുള്ള താരദമ്പതികളാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ഷൊയിബും സാനിയയും തമ്മിലുള്ള ബന്ധം വഷളായതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. പാക് മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്‌തിരുന്നത്.
ജിയോ ടിവിയുമായുള്ള അഭിമുഖത്തിലാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകളെക്കുറിച്ച് ഷൊയ്ബ് ഒടുവിൽ തുറന്നുപറഞ്ഞത്. ഭാര്യ സാനിയ മിർസയുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് അവതാരകന്‍റെ ചോദ്യത്തോടായിരുന്നു മറുപടി. റിപ്പോർട്ടുകൾ നിഷേധിച്ച ഷൊയ്ബ്, തങ്ങളുടെ ദാമ്പത്യം ഇപ്പോഴും ശക്തമാണെന്ന് പറഞ്ഞു. അഭിമുഖത്തിൽ സാനിയയെ ‘ഭാര്യ’ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്‌തത്.
ഇതിന് മറുപടിയായി പാക് താരത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'അതിൽ ഒന്നുമില്ല. ഈദ് ദിനത്തിൽ ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ അത് കൂടുതൽ മഹത്തരമായേനേ. എന്നാൽ അവൾക്ക് ഐപിഎല്ലുമായി ബന്ധപ്പെട്ട ഷോകൾ ചെയ്യുന്നതിന്‍റെ ചുമതലയുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ ഒരുമിച്ച് ഇല്ലാത്തത്. ഞങ്ങൾ എല്ലാ സമയത്തെയും പോലെ ഇപ്പോഴും സ്നേഹം പങ്കിടുന്നു. ഞാൻ അവളെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് എനിക്ക് പറയാനാകും' -ഷൊയ്ബ് മാലിക് പറഞ്ഞു.
'ഞങ്ങൾ വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അവരുടേതായ പ്രതിബദ്ധതയുണ്ടെന്നും എല്ലാവരും മനസിലാക്കേണ്ടതുണ്ട്. എന്നാൽ ഈദ് നിങ്ങളോട് അടുപ്പമുള്ള ഒരുപാട് ആളുകളെ മിസ് ചെയ്യുന്ന ദിവസമാണ്. ഇരുവരും ഇത്തരം അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കുന്നില്ല. അതുകൊണ്ടാണ് ഞാനോ അവളോ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസ്‌താവന ഇറക്കാത്തത്' -മാലിക് കൂട്ടിച്ചേർത്തു.