ബുഡാപെസ്റ്റ് : യുവേഫ യുറോപ്പ ലീഗിൽ തുടർച്ചയായ രണ്ടാം കിരീടത്തിൽ മുത്തമിട്ട് സ്‌പാനിഷ് ക്ലബ് സെവിയ്യ. ഹംഗറിയിലെ പുസ്‌കാസ് അരേന സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഇറ്റാലിയൻ ക്ലബ് എഎസ് റോമയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1 ന് കീഴടക്കിയാണ് സെവിയ്യയുടെ കിരീടധാരണം. നിശ്ചിത 90 മിനിറ്റിലും അധിക സമയത്തും ഇരുടീമുകളും 1-1 സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
മത്സരത്തിന്‍റെ 34-ാം മിനിട്ടിൽ അർജന്‍റൈൻ താരം പൗളോ ഡിബാല നേടിയ ഗോളിൽ എഎസ് റോമയാണ് ആദ്യം ലീഡെടുത്തത്. ഒരു ഗോളിന്‍റെ ലീഡിൽ ഇതോടെ ആദ്യ പകുതി പിരിഞ്ഞു. രണ്ടാം പകുതിയിൽ ജിയാൻലുക മാൻസിനിയുടെ സെൽഫ് ഗോളിലാണ് സെവിയ്യ സമനില പിടിച്ചത്.
ഷൂട്ടൗട്ടിൽ ലുകാസ് ഒകമ്പസ്, എറിക് ലമേല, ഇവാൻ റാകിറ്റിച്ച്, ഗോൺസലോ മോണ്ടിയാൽ എന്നിവർ സെവിയ്യക്കായി ലക്ഷ്യം കണ്ടു. മറുവശത്ത് എഎസ് റോമയുടെ ആദ്യ കിക്കെടുത്ത ബ്രയാൻ ക്രിസ്റ്റന്‍റെ മാത്രമാണ് വലകുലുക്കിയത്. രണ്ടാം കിക്കെടുത്ത ജിയാൻലുക മാൻസീനിയുടെ ശ്രമം ഗോൾകീപ്പർ യാസിൻ ബോണോ രക്ഷപ്പെടുത്തിയപ്പോൾ റോജർ ഇബാനെസിന്‍റെ മൂന്നാം കിക്ക് പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു.
സെവിയ്യയുെടെ ഏഴാം യൂറോപ്പ ലീഗ് കിരീടമാണിത്. യൂറോപ്പ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ക്ലബും സെവിയ്യയാണ് അതേസമയം കളിച്ച യുറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലുകളിൽ പരാജയപ്പെട്ടിട്ടില്ലെന്ന ജോസെ മൗറീന്യോയുടെ റെക്കോഡും തകർന്നു. കളിച്ച അഞ്ച് ഫൈനലിലും കിരീടം നേടിയ മൗറീന്യോ ആറാം കിരീടം ലക്ഷ്യമിട്ടായിരുന്നു ബുഡാപെസ്റ്റിലെ പുസ്‌കാസ് അരേനയിൽ ഇറങ്ങിയിരുന്നത്.
അർജന്‍റൈൻ കരുത്തിൽ സെവിയ്യ :പെനാൽറ്റി ഷൂട്ടൗട്ടിൽ സെവിയ്യയുടെ കിക്കെടുത്തവരിൽ ഇവാൻ റാകിറ്റിച്ച് ഒഴികെ മൂന്ന് താരങ്ങളും അർജന്‍റൈൻ താരങ്ങളാണ്. ലുകാസ് ഒകമ്പസ്, എറിക് ലമേല, ഗോൺസലോ മോണ്ടിയാൽ എന്നിവരാണ് സെവിയ്യക്കായി സ്‌പോട് കിക്ക് ലക്ഷ്യത്തിലെത്തിച്ച അർജന്‍റീനയുടെ താരങ്ങൾ. ഇതിൽ തന്നെ സെവിയ്യയെ ജേതാക്കളാക്കിയ അവസാന കിക്കെടുത്ത ഗോൺസലോ മോണ്ടിയാലിനെ ആരും മറക്കാൻ സാധ്യതയില്ല. 2022 ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്‍റീനയെ കിരീടത്തിലെത്തിച്ച അവസാന പെനാൽറ്റിയും മോണ്ടിയലിന്‍റെ വകയായിരുന്നു.