ബ്യൂണസ് അയേഴ്‌സ് : കായികലോകത്തെ തന്നെ ഏറ്റവും വീര്യമേറിയ കുടിപ്പകകളിലൊന്നാണ് അർജന്‍റൈൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിൽ നിന്നുള്ള ക്ലബുകളായ ബൊക്കാ ജൂനിയേഴ്‌സും അത്‌ലറ്റികോ റിവർപ്ലേറ്റും. സൂപ്പർ ക്ലാസികോ എന്നാണ് ഈ ടീമുകൾ തമ്മിലുള്ള പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. ഒരു നൂറ്റാണ്ട് മുൻപാണ് സൂപ്പർ ക്ലാസിക്കേയ്‌ക്ക് തുടക്കമാകുന്നത്.
എന്നാൽ ഇന്നലെ അർജന്‍റീന പ്രീമിയേറ ഡിവിഷനിൽ നടന്ന മത്സരമാണ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. റിവർപ്ലേറ്റിന്‍റെ മൈതാനമായ എസ്റ്റാഡിയോ മാസ് മോണുമെന്‍റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം പതിവുപോലെ അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള റിവർപ്ലേറ്റ് തന്നെയാണ് മത്സരത്തിൽ മുഴുവൻ സമയവും ആധിപത്യം പുലർത്തിയത്. ഇഞ്ച്വറി സമയത്ത് നേടിയ വിവാദ പെനാൽറ്റി ഗോളിൽ റിവർപ്ലേറ്റ് ജയിച്ച മത്സരത്തിലാകെ പിറന്നത് ഒമ്പത് മഞ്ഞക്കാർഡുകളും ഏഴ് ചുവപ്പുകാർഡുകളുമാണ്.
മത്സരത്തിന്‍റെ 93-ാം മിനിട്ടിൽ റിവർപ്ലേറ്റിന് അനുകൂലമായി പെനാൽറ്റി വിധിക്കുന്നു. വിവാദപരമായി തീരുമാനത്തിൽ വാറിന്‍റെ സഹായം തേടാത്തതിൽ ബൊക്കാ ജൂനിയേഴ്‌സ് താരങ്ങൾ റഫറിയുമായി തർക്കിച്ചെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. തൊട്ടുപിന്നാലെ റിവർപ്ലേറ്റിനായി പെനാൽറ്റി കിക്കെടുത്ത മിഗ്വൽ ബോർജ ലക്ഷ്യം കണ്ടു. ഗോളായതിന് പിന്നാലെ എസ്റ്റാഡിയോ മാസ് മോണുമെന്‍റൽ റിവർപ്ലേറ്റ് ആരാധകരുടെ ആവേശത്തിൽ ഇളകിമറിഞ്ഞു.