കേരളം

kerala

ETV Bharat / sports

പലരും എഴുതിത്തള്ളി, പക്ഷെ... ഞങ്ങള്‍ ഞങ്ങളില്‍ വിശ്വസിച്ചു; സീരി എയില്‍ നപോളി ചരിത്രം രചിച്ചതിന് പിന്നാലെ വിക്‌ടർ ഒസിമെന്‍

നാപ്പോളിയൻമാർക്ക് സ്‌കുഡെറ്റോ കൈമാറാൻ കഴിഞ്ഞത് ഒരിക്കലും മറക്കാൻ കഴിയാത്ത കാര്യമാണെന്ന് സൂപ്പര്‍ സ്‌ട്രൈക്കര്‍ വിക്‌ടർ ഒസിമെന്‍.

Serie A  Napoli wins Serie A  Victor Osimhen  diego maradona  ഡീഗോ മറഡോണ  സീരി എ  നാപോളി  വിക്‌ടർ ഒസിമെന്‍
സീരി എയില്‍ നപോളി ചരിത്രം രചിച്ചതിന് പിന്നാലെ വിക്‌ടർ ഒസിമെന്‍

By

Published : May 5, 2023, 3:47 PM IST

റോം: ഡീഗോ മറഡോണ യുഗത്തിന് ശേഷം ആദ്യമായി ഇറ്റാലിയൻ സീരി എ കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് നാപോളി. കൃത്യമായി പറഞ്ഞാൽ 33 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സിരി എ കിരീടത്തിലേക്ക് നാപോളി കുതിച്ചെത്തിയത്. പരിശീലകൻ ലുസിയാനോ സ്പെല്ലെറ്റിയുടെ തന്ത്രങ്ങള്‍ക്കൊപ്പം മുന്നേറ്റ നിരയില്‍ നൈജീരിയൻ താരം വിക്‌ടർ ഒസിമെന്‍റെ മിന്നും പ്രകടനവും ടീമിലെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായിരുന്നു.

ടീമിനായി 26 മത്സരങ്ങളിൽ നിന്നും 21 ഗോളുകളാണ് വിക്‌ടർ ഒസിമെന്‍റെ ബൂട്ടില്‍ നിന്നും പിറന്നത്. ജോർജിയയുടെ ക്വിച്ച ക്വരാറ്റ്സ്ഖേലിയ, ഇറ്റാലിയൻ താരം മാറ്റിയോ പൊളിറ്റാനോ എന്നിവരുടെ മികവും എടുത്ത് പറയേണ്ടതാണ്. ലീഗില്‍ അഞ്ച് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ആധികാരികമായാണ് നാപ്പോളി ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചത്.

ഉഡിനിസിനെതിരായ മത്സരത്തിൽ സമനില നേടിയതോടെയാണ് സ്പെല്ലെറ്റിയും സംഘവും ചരിത്രം തീര്‍ത്തത്. മത്സരത്തില്‍ സമനില നേടിയാൽപ്പോലും കിരീടം ഉറപ്പിക്കാന്‍ നാപ്പോളിക്ക് കഴിയുമായിരുന്നു. എന്നാല്‍ മത്സരത്തിന്‍റെ 13-ാം മിനിട്ടില്‍ തന്നെ നാപ്പോളിയെ ഞെട്ടിച്ച് സാൻഡി ലോവ്‌റിച്ചിലൂടെ ഉഡിനിസ് മുന്നിലെത്തി.

ആദ്യ പകുതിയില്‍ ഈ ലീഗ് നിലനിര്‍ത്താനും സംഘത്തിന് കഴിഞ്ഞു. എന്നാല്‍ 52-ാം മിനിട്ടില്‍ വിക്‌ടർ ഒസിമെന്‍റെ ഗോളിലൂടെ സമനില പിടിച്ച നാപ്പോളി കിരീടവും ഉറപ്പിക്കുകയായിരുന്നു. നിലവില്‍ 33 മത്സരങ്ങളിൽ നിന്നും 80 പോയിന്‍റാണ് നാപ്പോളിയ്ക്കുള്ളത്. 25 വിജയങ്ങളും അഞ്ച് സമനിലയും മൂന്ന് തോൽവിയുമാണ് സംഘത്തിന്‍റെ പട്ടികയില്‍.

രണ്ടാം സ്ഥാനത്തുള്ള ലാസിയോയ്ക്ക് 33 കളികളില്‍ നിന്നും 64 പോയിന്‍റാണുള്ളത്. ഇതോടെ 16 പോയിന്‍റ് വ്യത്യാസത്തിലാണ് നാപ്പോളി ചാമ്പ്യന്‍പട്ടം ഉറപ്പിച്ചത്. ഇനി ബാക്കിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാലും നാപ്പോളിയ്‌ക്കൊപ്പം എത്താന്‍ ലാസിയോയ്ക്ക് കഴിയില്ല. സീസണിന്‍റെ തുടക്കത്തില്‍ തങ്ങളെ പലരും എഴുതിത്തള്ളിയിരുന്നതായും എന്നാല്‍ ഇപ്പോഴത്തെ വികാരം പ്രതിഫലിപ്പിക്കാന്‍ വാക്കുകളില്ലെന്നുമാണ് ഉഡിനിസിനെതിരായ മത്സരത്തിന് ശേഷം വിക്‌ടർ ഒസിമെന്‍ പ്രതികരിച്ചത്.

നാപോളിയും ആരാധകരും ഈ നിമിഷത്തിനായി നിരവധി വർഷങ്ങളായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. "ഞാൻ ആകെ തളർന്നിരിക്കുകയാണ്. ഇതൊരു അത്ഭുതകരമായ വികാരമാണ്. ഈ നിമിഷത്തിനായി ഞങ്ങൾ വർഷങ്ങളോളം കാത്തിരുന്നു, സ്‌കുഡെറ്റോ നാപ്പോളിയൻമാർക്ക് കൈമാറാൻ കഴിഞ്ഞത് ഞങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്ത കാര്യമാണ്.

സീസണിന്‍റെ തുടക്കത്തിൽ ഞങ്ങൾക്ക് ഇതിന് കഴിയുമെന്ന് പലരും കരുതിയിരുന്നില്ല. ഞങ്ങളിൽ അവര്‍ വിശ്വസിച്ചിരുന്നില്ല. പലരും ഞങ്ങളെ എഴുതിത്തള്ളി. എന്നാല്‍ കിരീടം നേടാന്‍ കഴിയുന്ന ഒരു മികച്ച സ്ക്വാഡ് ഞങ്ങളുടെ പക്കലുണ്ടെന്ന് സീസണിന്‍റെ തുടക്കം മുതൽ ഞങ്ങൾ വിശ്വസിച്ചിരുന്നു", വിക്‌ടർ ഒസിമെന്‍ പറഞ്ഞു.

അതേസമയം നാപ്പോളിയുടെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം സീരി എ കിരീടമാണിത്. മറഡോണയുടെ കീഴിൽ 1986-87ൽ സീസണിലാണ് സംഘം ആദ്യമായി ചാമ്പ്യന്മാരായത്. 1989-90ൽ സീസണിലാണ് ടീം അവസാനമായി കിരീടം നേടിയത്. ഇതിനിടെ 1987-88, 1988-89 വർഷങ്ങളിൽ ലീഗിൽ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്‌തിരുന്നു.

ALSO READ: EPL | ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്‌ത്തി ബ്രൈറ്റണ്‍

ABOUT THE AUTHOR

...view details