മിലാന്: ഇറ്റാലിയന്‍ സീരി എ ചാമ്പ്യൻ എസി മിലാന് പുതിയ ഉടമകള്‍. അമേരിക്കൻ നിക്ഷേപക സ്ഥാപനമായ റെഡ്ബേർഡ് ക്യാപിറ്റൽസാണ് ക്ലബിനെ വാങ്ങുന്നത്. 1.2 ബില്യൺ യൂറോയ്ക്ക് (1.3 ബില്യൺ ഡോളർ) നിലവിലെ ഉടമകളായ എലിയറ്റുമായി ധാരണയായതായി ക്ലബ് അറിയിച്ചു. എലിയറ്റിന് ന്യൂനപക്ഷ നിക്ഷേപമുണ്ടാവുന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.
എസി മിലാന്‍റെ പ്രശസ്‌തമായ ചരിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ തങ്ങൾ അഭിമാനിക്കുന്നുതായി റെഡ്ബേർഡ് സ്ഥാപകനും മാനേജിങ് പാര്‍ട്‌ണറുമായ ജെറി കാർഡിനാൽ പറഞ്ഞു. ഇറ്റാലിയൻ, യൂറോപ്യൻ, ലോക ഫുട്‌ബോളിലും ക്ലബ് ഉയര്‍ച്ചയിലേക്ക് മടങ്ങുമ്പോഴുള്ള അടുത്ത അധ്യായത്തിൽ ഒരു പങ്ക് വഹിക്കാൻ തങ്ങൾ സന്തുഷ്ടരാണെന്നും ജെറി കാർഡിനാൽ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിന്‍റെ ഉടമസ്ഥതയുള്ള ഫെൻവേ സ്പോർട്‌സ് ഗ്രൂപ്പിൽ റെഡ്ബേർഡിന് ഓഹരിയുണ്ട്.