ബാഴ്‌സലോണ: ഈ സീസൺ അവസാനത്തോടെ ബാഴ്‌സലോണയുടെ മിഡ്‌ഫീൽഡർ ജനറൽ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ട്. സീസണിന്‍റെ അവസാനത്തോടെ ബാഴ്‌സയുമായുള്ള കരാർ അവസാനിക്കാനിരിക്കെ താരത്തെ റിലീസ് ചെയ്യാനാണ് ക്ലബിന്‍റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. സ്‌പാനിഷ് മാധ്യമം മാർകയെ ഉദ്ദരിച്ചുകൊണ്ടാണ് പ്രമുഖ സ്‌പോർട്‌സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തുവിട്ടത്. മാർക പറയുന്നതനുസരിച്ച്, 34 കാരനായ ബുസ്‌ക്വെറ്റ്‌സ് തന്‍റെ തീരുമാനം ബാഴ്‌സയെ അറിയിച്ചുവെന്നും ഒരു ഔദ്യോഗിക പ്രഖ്യാപനം മാത്രം അവശേഷിക്കുന്നുവെന്നുമാണ്.
ബുസ്‌ക്വെറ്റ്‌സിന് പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പരിശീലകൻ സാവിയെന്നും ചില താരങ്ങളെ നോട്ടമിട്ട് വച്ചിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മൊറോക്കൻ മിഡ്‌ഫീല്‍ഡർ സോഫിയാന്‍ അംറബാത് ആണ് പട്ടികയില്‍ മുന്നിലുള്ളത്. വിന്‍റര്‍ ട്രാന്‍സ്‌ഫർ വിന്‍ഡോയില്‍ താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലെന്നും ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
റയല്‍ ബെറ്റിസ് താരം ഗ്വിഡോ റോഡ്രിഗസ് ആണ് സാവിയുടെ പട്ടികയിലുള്ള മറ്റൊരു താരം. അര്‍ജന്റൈന്‍ താരത്തിന്‍റെ ലാ ലിഗയിലെയും അന്താരാഷ്‌ട്ര മത്സരങ്ങളിലെയും പ്രകടനങ്ങളെ തുടർന്നാണ് താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. റിയൽ സോസിഡാഡ് താരം മാർട്ടിൻ സുബിമെൻഡിയും പകരക്കാരനാകാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. നിലവിൽ ബുസ്‌ക്വെറ്റ്‌സിനൊപ്പം മിഡ്‌ഫീൽഡിൽ കളിക്കുന്നത് ഫ്രെങ്കി ഡിജോങ്ങും പെഡ്രിയുമാണ്.
ബാഴ്‌സയുടെ സുവർണതലമുറയുടെ ഭാഗമായിരുന്നു ബുസ്‌ക്വെറ്റ്‌സ്. ഇനിയേസ്റ്റയും സാവിയും ചേരുന്ന മധ്യനിരയിൽ ഒഴിച്ചുകൂടാനാകാത്ത താരമായിരുന്നു ബുസ്‌ക്വെറ്റ്‌സ്. ഒരു ഡിഫൻസീവ് മിഡ്‌ഫീൽഡറുടെ തനത് ശൈലിയായ ടാക്കിളുകളിൽ നിന്നും വ്യത്യസ്‌തമായാണ് ഇദ്ദേഹം പന്ത് തട്ടുന്നത്. തന്‍റെ നീളൻ കാലുകൾകൊണ്ട് എതിരാളികളുടെ പാസുകൾ മുറിച്ച് കളിയെ തന്‍റെ വരുതിയിലാക്കുന്നതാണ് ഈ 34-കാരന്‍റെ ശൈലി. താരത്തിന്‍റെ വിടവാങ്ങല്‍ ബാഴ്‌സയുടെ മധ്യനിരയുടെ താളം തെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.