മിയാമി:സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ ലയണല്‍ മെസിയുടെ സഹതാരമായിരുന്ന സെർജിയോ ബുസ്‌ക്വെറ്റ്‌സിനെയും കൂടാരത്തിലെത്തിച്ച് യുഎസ്‌എയിലെ മേജർ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മിയാമി. കഴിഞ്ഞ സീസണോടെ ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മിഡ്‌ഫീൽഡറായ സെർജിയോ ബുസ്‌ക്വെറ്റ്‌സ് ഇന്‍റര്‍ മിയാമിയിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ക്ലബ് ഇതു സംബന്ധിച്ച് സ്ഥിരീകരിച്ചത്.
34-കാരന്‍റെ വരവ് അറിയിച്ച് ഇന്‍റര്‍ മിയാമി ഒരു വീഡിയോ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. പെപ് ഗാർഡിയോള, സാവി ഹെർണാണ്ടസ്, ലൂക്കാ മോഡ്രിച്ച്, ലയണൽ മെസി എന്നിവർ ബുസ്‌ക്വെറ്റ്‌സിനെ പ്രശംസിക്കുന്നതുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ വീഡിയോയിലുണ്ട്. ബാഴ്‌സയുമായുള്ള 15 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് സെർജിയോ ബുസ്‌ക്വെറ്റ്‌സ് ഇന്‍റര്‍ മിയാമിയിലേക്ക് എത്തുന്നത്.
ബാഴ്‌സയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളര്‍ന്ന താരമാണ് ബുസ്‌ക്വെറ്റ്‌സ്. ആദ്യ ഘട്ടത്തില്‍ സെൻട്രൽ മിഡ്‌ഫീൽഡർ റോളില്‍ കളിച്ചിരുന്ന താരത്തെ ബാഴ്‌സയുടെ ബി ടീം പരിശീലകനായി എത്തിയ പെപ് ഗ്വാർഡിയോളയാണ് ഡിഫൻസീവ് മിഡ്‌ഫീൽഡറാക്കിയത്. പിന്നീട് 2008-ല്‍ പെപ് ഗ്വാർഡിയോയ്‌ക്ക് കീഴില്‍ ബാഴ്‌സയ്‌ക്കായി അരങ്ങേറിയതോടെ ക്ലബിന്‍റെ പ്രധാന താരമായും സെർജിയോ ബുസ്‌ക്വെറ്റ്‌സ് മാറി.
അന്ദ്രെ ഇനിയേസ്റ്റയും സാവി ഹെര്‍ണാണ്ടസും ചേരുന്ന ബാഴ്‌സയുടെ മധ്യനിരയില്‍ ഒഴിച്ചുകൂടാനാകാത്ത താരമായിരുന്നു ബുസ്‌ക്വെറ്റ്‌സ്. ടീമിനൊപ്പമുണ്ടായിരുന്ന 15 വർഷക്കാലയളവില്‍ മൂന്ന് ചാമ്പ്യൻസ് ലീഗും ഒമ്പത് ലാ ലിഗ കിരീടങ്ങളും ഏഴ് കോപ്പ ഡെൽ റേയും താരം നേടിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നും സ്‌പാനിഷ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സ്‌പെയിനിനായി 143 മത്സരങ്ങളാണ് സെർജിയോ ബുസ്‌ക്വെറ്റ്‌സ് കളിച്ചിട്ടുള്ളത്. ദേശീയ ടീമിനൊപ്പം 2010ലെ ലോകകപ്പും 2012ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും താരം ഉയര്‍ത്തിയിട്ടുണ്ട്.