ലണ്ടൻ: ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിന് ഞെട്ടിക്കുന്ന തോൽവി. വിംബിൾഡൺ വനിത സിംഗിൾസ് ആദ്യ റൗണ്ടിൽ ഫ്രഞ്ച് താരം ഹാർമണി ടാനിന് മുന്നിലാണ് മുൻ ചാമ്പ്യന് കാലിടറിയത്. മൂന്ന് മണിക്കൂർ നീണ്ട പോരാട്ടത്തിൽ വിജയപ്രതീക്ഷകൾ മാറിമറിഞ്ഞെങ്കിലും അന്തിമ വിജയം ടാനിനായിരുന്നു. സ്‌കോർ: 7-5, 1-6, 7-6
വിംബിൾഡണിന്‍റെ സെന്‍റർ കോർട്ടിൽ ഏഴ് തവണ സിംഗിൾസ് കിരീടമുയർത്തിയ ഇതിഹാസ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. പ്രായവും പരിക്കും വെല്ലുവിളി ഉയർത്തിയെങ്കിലും കളത്തിൽ പോരാട്ടവീര്യം പുറത്തെടുത്ത വെറ്ററൻ താരം അനായാസമാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്. നിർണായകമായ മൂന്നാം സെറ്റിൽ 4-0ത്തിന് മുന്നിട്ടുനിന്ന സെറീന വിജയം ഏറക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ വിംബിൾഡണിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന ടാൻ തകർപ്പൻ വിന്നറുകളുമായി കളിയിൽ തിരിച്ചെത്തുകയായിരുന്നു.
കഴിഞ്ഞ വിംബിള്‍ഡൺ ടൂർണമെന്‍റില്‍ അലിയാക്‌സാണ്ട്ര സസ്‌നോവിച്ചിന് എതിരായ ആദ്യ റൗണ്ടിൽ പരിക്കേറ്റ സെറീന പിന്നീട് ഒരു ടൂർണമെന്‍റിലും ഇറങ്ങിയിരുന്നില്ല. 1204-ാം റാങ്കിലേക്ക് വീണ സെറീന ഇത്തവണ വൈല്‍ഡ് കാര്‍ഡ് എൻട്രിയുമായാണ് വിംബിള്‍ഡണിന് എത്തിയിരുന്നത്. 40-ാം വയസിൽ വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങി എത്തിയ ശേഷം തോൽവിയുമായി മടങ്ങുമ്പോൾ വിഖ്യാത താരത്തിന്‍റെ അവസാന വിംബിൾഡണ്‍ ആവുമോ ഇതെന്നാണ് ചോദ്യം. ഇക്കാര്യം മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ 'ആർക്കറിയാം? ഈ ചോദ്യത്തിന് എനിക്ക് ഉത്തരം നൽകാൻ കഴിയില്ല' എന്നായിരുന്നു സെറീനയുടെ മറുപടി.