ന്യൂഡൽഹി : ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. വനിതകളുടെ 81 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സവീറ്റി ബൂറയാണ് സ്വർണം സ്വന്തമാക്കിയത്. വാശിയേറിയ ഫൈനലിൽ ചൈനയുടെ വാങ് ലിനയെയാണ് സവീറ്റി ഇടിച്ച് വീഴ്‌ത്തിയത്. 4-3 എന്ന സ്‌കോറിനായിരുന്നു താരത്തിന്‍റെ വിജയം. നേരത്തെ 48 കിലോ വിഭാഗത്തിൽ നീതു ഗൻഗാസും ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു.
ഫൈനലിൽ ആദ്യ റൗണ്ടിൽ പിന്നിട്ടുനിന്ന ശേഷമായിരുന്നു ശക്‌തമായി തിരിച്ചെത്തി സവീറ്റി ബൂറ സ്വർണം നേടിയത്. 2014 ലെ ലോക ചാമ്പ്യൻഷിപ്പിൽ സവീറ്റി വെള്ളി നേടിയിരുന്നു. 2022 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ താരം സ്വർണവും സ്വന്തമാക്കിയിരുന്നു. മത്സരശേഷം മികച്ച സംവിധാനങ്ങൾ ഒരുക്കിയതിന് ഇന്‍റർനാഷണൽ ബോക്‌സിങ് അസോസിയേഷന് സവീറ്റി നന്ദി പറഞ്ഞു.
'ഇന്‍റർനാഷണൽ ബോക്‌സിങ് അസോസിയേഷൻ തങ്ങളുടെ പങ്ക് വളരെ നന്നായി ചെയ്‌തിട്ടുണ്ട്. എത്ര കായിക മത്സരങ്ങൾ നടക്കുന്നുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഞങ്ങളുടെ സമ്മാനത്തുകയും വർധിച്ചു. വളർന്നുവരുന്ന കുട്ടികൾക്കും ബോക്‌സർമാർക്കും വേണ്ടി ഇത്രയധികം പ്രവർത്തനങ്ങൾ മറ്റൊരു ഫെഡറേഷനും ചെയ്‌തിട്ടില്ല' - സവീറ്റി ബൂറ പറഞ്ഞു.
സ്വർണ നേട്ടവുമായി നീതു : നേരത്തെ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മംഗോളിയയുടെ ലുത്‌സൈഖാൻ അൽതാൻസെറ്റ്‌സെഗിനെ കീഴടക്കിയാണ് നീതു ഗൻഗാസ് സ്വര്‍ണം നേടിയത്. 5-0 എന്ന സ്‌കോറിനായിരുന്നു കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് കൂടിയായ നീതു ഗൻഗാസിന്‍റെ വിജയം. ഫൈനലില്‍ മംഗോളിയ താരത്തിനെ ഒന്ന് പൊരുതാന്‍ പോലും അനുവദിക്കാതെയാണ് നീതു ഇടിച്ച് വീഴ്‌ത്തിയത്.