മാഡ്രിഡ്: വനിത ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ ജയം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കാനഡയെ 3-2നാണ് ഇന്ത്യ തകര്‍ത്തത്. ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ സവിത പൂനിയയുടെ മികവാണ് ഇന്ത്യയ്‌ക്ക് ജയമൊരുക്കിയത്. ഷൂട്ടൗട്ടിലടക്കം ആറ് സേവുകളാണ് താരം നടത്തിയത്.
വനിത ഹോക്കി ലോകകപ്പ്: സൂപ്പര്‍ സേവുകളുമായി സവിത പൂനിയ; ഇന്ത്യയ്‌ക്ക് ആദ്യ ജയം - സവിത പൂനിയ
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കാനഡയെ 3-2നാണ് ഇന്ത്യ തകര്‍ത്തത്.
ഷൂട്ടൗട്ടില്‍ നവനീത് കൗര്‍, സോണിക, നേഹ എന്നിവരാണ് ഇന്ത്യയ്‌ക്കായി ലക്ഷ്യം കണ്ടത്. ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ച ഇന്ത്യ ഒമ്പത് മുതല്‍ 16 വരെയുള്ള സ്ഥാനത്തിനായാണ് കാനഡയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്. മത്സരത്തിന്‍റെ നിശ്ചിത സമയത്ത് ഇരു സംഘവും ഓരോ ഗോളുകള്‍ വീതം നേടി സമനില പാലിച്ചു.
11ാം മിനിട്ടില്‍ മാഡ്‌ലൈൻ സെക്കോയിലൂടെ മുന്നിലെത്തിയ കാനഡയ്‌ക്ക് 58ാം മിനിട്ടില്‍ സലിമ ടെറ്റെയിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയത്. ജൂലൈ 13ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഇന്ത്യ ജപ്പാനെ നേരിടും. നിര്‍ണായകമായ ക്രോസ് ഓവര്‍ മാച്ചില്‍ സ്‌പെയിനോട് തോറ്റതോടെയാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ തോല്‍വി.