റിയാദ്:ലയണൽ മെസിയെ ടീമിലെത്തിക്കാൻ കഴിയാത്തതിന്‍റെ നിരാശയകറ്റാൻ സൗദി പ്രോ ലീഗ് ക്ലബ് അൽ- ഹിലാൽ. പിഎസ്‌ജിയിൽ മെസിയുടെ സഹതാരവും ഉറ്റ സുഹൃത്തുമായ ബ്രസീലിയൻ താരം നെയ്‌മർ ജൂനിയറിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ. താരത്തിന്‍റെ ഏജന്‍റുമായി അൽ ഹിലാൽ അധികൃതർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് പ്രമുഖ സ്‌പോർട്‌സ് മാധ്യങ്ങൾ നൽകുന്ന സൂചന. ഫ്രഞ്ച് ക്ലബുമായി ഈ സീസണിനൊടുവിൽ കരാർ അവസാനിക്കുന്ന മെസി സൗദി ലീഗിലേക്ക് ചേക്കേറുമെന്നായിരുന്നു ഫുട്‌ബോൾ നിരീക്ഷകരല്ലൊം പ്രതീക്ഷിച്ചിരുന്നതെങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് എംഎൽഎസ് ടീമായ ഇന്‍റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനം അറിയിച്ചത്.
ഇതിന് പിന്നാലെയാണ് അൽ ഹിലാൽ നെയ്‌മറിനായി രംഗത്തെത്തിയത്. പ്രാരംഭ ചർച്ചകൾക്കായി അൽ-ഹിലാലിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം വെള്ളിയാഴ്‌ച (09.06.2023) പാരിസിൽ എത്തിയെന്നാണ് പ്രമുഖ സ്‌പോർട്‌സ് വെബ്‌സൈറ്റായ സിബിഎസ് നൽകുന്ന സൂചന. കഴിഞ്ഞ സീസണിൽ അൽ - നസ്‌റിൽ ചേർന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ലഭിക്കുന്ന താരതമ്യപ്പെടുത്താവുന്ന വേതനം നെയ്‌മറിന് ലഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്. 45 മില്യൻ യൂറോ വാർഷിക പ്രതിഫലമാണ് അൽ ഹിലാൽ താരത്തിന് വാഗ്‌ദാനം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
നിരന്തരമായി പിഎസ്‌ജിയിൽ നേരിട്ടിരുന്ന മോശം അനുഭവങ്ങളെത്തുടർന്ന് താരം ഈ സീസണിനൊടുവിൽ പാരിസ് വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വന്തം വീടിനു മുന്നിലെ പിഎസ്‌ജി ആരാധകരുടെ പ്രതിഷേധമടക്കമുള്ള കാര്യങ്ങൾ ഉണ്ടായതോടെ ക്ലബിൽ തുടരുന്നതിനോട് താരം വിമുഖത കാണിച്ചിരുന്നു. കഴിഞ്ഞ മെയ് മൂന്നിനാണ് ഫ്രഞ്ച് നഗരമായ ബൂജിവാലിലുള്ള നെയ്‌മറിന്‍റെ വസതിക്ക് മുമ്പിൽ താരത്തെ ടീമിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ആരാധകർ പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ ടീം വിടാൻ നെയ്‌മറിന് ക്ലബ് അധികൃതർ അനുമതിയും നൽകിയിരുന്നു. ഇതിന് പിന്നാലെ വമ്പൻ ക്ലബുകൾ താരത്തെ ടീമിലെത്തിക്കാൻ ശ്രമിച്ചു.