പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായി നിലവില്‍ ഇടഞ്ഞ് നില്‍ക്കുകയാണ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. 2024-ല്‍ അവസാനിക്കുന്ന കരാര്‍ പുതുക്കാന്‍ തയ്യാറല്ലെന്ന് എംബാപ്പെ നേരത്തെ പിഎസ്‌ജിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ 24-കാരനായ എംബാപ്പെയെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പിഎസ്‌ജി ഒഴിവാക്കിയിരുന്നു.
ഈ അവസരം മുതലെടുത്ത് താരത്തെ റാഞ്ചാന്‍ ഒരുങ്ങിയിരിക്കുകയാണ് സൗദി ക്ലബ് അല്‍ ഹിലാല്‍. റെക്കോഡ് തുകയായ 300 മില്യണ്‍ യൂറോയാണ് (332 മില്യണ്‍ ഡോളര്‍) എംബാപ്പെയ്‌ക്കായി അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച പിഎസ്‌ജി കിലിയന്‍ എംബാപ്പെയുമായി ചര്‍ച്ച നടത്താന്‍ അല്‍ ഹിലാലിന് അനുമതിന നല്‍കിയിട്ടുണ്ട്. കരാര്‍ പുതുക്കാന്‍ തയ്യാറാവതെ ഫ്രീ ഏജന്‍റായി പിഎസ്‌ജി വിടാനാണ് എംബാപ്പെ പദ്ധതിയിടുന്നത്.
എന്നാല്‍ എംബാപ്പെ ഫ്രീ ഏജന്‍റായി മാറി ക്ലബ് വിടുന്നത് സാമ്പത്തികമായി ഗുണം ചെയ്യില്ലെന്ന അനുഭവ പാഠം നേരത്തെ ലയണല്‍ മെസിയില്‍ നിന്നും ക്ലബ് പഠിച്ചിട്ടുണ്ട്. ഇതോടെ കരാര്‍ അവസാനിക്കും മുമ്പ് എംബാപ്പെയെ വിറ്റൊഴിവാക്കാനാണ് പിഎസ്‌ജി ശ്രമം നടത്തുന്നത്. ഇതിന്‍റെ ഭാഗമായിരുന്നു ജപ്പാനിലെ പ്രീ സീസൺ പര്യടനത്തിൽ നിന്ന് എംബാപ്പെയെ ഒഴിവാക്കിയ പിഎസ്‌ജി നടപടി.
2017-ല്‍ 190 മില്യൺ ഡോളറിന് മൊണാക്കോയിൽ നിന്നായിരുന്നു എംബാപ്പെയെ ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്‍റ്‌സിന്‍റെ ഉടമസ്ഥതയിലുള്ള പിഎസ്‌ജി സ്വന്തമാക്കിയത്. 2024-ല്‍ അവസാനിക്കുന്ന നിലവിലെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ എംബാപ്പെ തയ്യാറാവുമെന്ന കണക്ക് കൂട്ടലിലായിരുന്നു പിഎസ്‌ജി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജൂലൈ 31 വരെ താരത്തിന് സമയം അനുവദിക്കുകയും ചെയ്‌തിരുന്നു.