ഭുവനേശ്വർ : 76-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിന്‍റെ സെമി ഫൈനലിനും, ഫൈനലിനും സൗദി അറേബ്യയിലെ റിയാദിലെ കിങ് ഫഹദ് ഇന്‍റർനാഷണൽ സ്റ്റേഡിയം വേദിയാകും. മാർച്ച് ഒന്ന് മുതൽ നാല് വരെയുള്ള മത്സരങ്ങളാണ് റിയാദിൽ നടക്കുക. എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനാണ് ഇക്കാര്യം അറിയിച്ചത്. മത്സരങ്ങളുടെ സമയക്രമം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഹീറോ സന്തോഷ് ട്രോഫിയുടെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് കിംഗ് ഫഹദ് ഇന്‍റർനാഷണൽ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമെന്ന് എഐഎഫ്‌എഫും, സൗദി അറേബ്യ ഫുട്‌ബോൾ ഫെഡറേഷനും (സാഫ്) നടത്തിയ യോഗത്തിലാണ് തീരുമാനമായതെന്നും അദ്ദേഹം വ്യക്‌തമാക്കി.
'ഇന്ത്യൻ ഫുട്ബോളിന് ഇതൊരു മഹത്തായ നിമിഷമാണ്. സെമിഫൈനലിൽ എത്തുന്ന നാല് സംസ്ഥാനങ്ങളും സന്തോഷ് ട്രോഫി കിരീടത്തിനായി സൗദി അറേബ്യയിൽ പോരാടും. അവർക്കായി എല്ലാ സഹായങ്ങളും സഹകരണങ്ങളും ഒരുക്കുന്ന സാഫിന് ആത്മാർഥമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഹീറോ സന്തോഷ് ട്രോഫിയെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാൻ ഇത് ഞങ്ങളെ സഹായിക്കും. ഷാജി പ്രഭാകരൻ പറഞ്ഞു.
ഹീറോ സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിൽ 12 ടീമുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിനും അവർക്ക് മികച്ച പിന്തുണ നൽകുന്നതിനും ഒഡിഷ സർക്കാരിനും നന്ദി അറിയിക്കുന്നു. കായിക രംഗത്തും അതിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിലും ഒഡിഷ സർക്കാർ അങ്ങേയറ്റം പിന്തുണയാണ് നൽകിയത്. അതിൽ ഫുട്‌ബോളിനും മികച്ച പരിഗണനയാണ് ലഭിച്ചത്.' ഷാജി പ്രഭാകരൻ പറഞ്ഞു.
തീപാറും പോരാട്ടം : അതേസമയം വെള്ളിയാഴ്‌ച ഭുവനേശ്വറിൽ ആരംഭിക്കുന്ന ഫൈനൽ റൗണ്ട് മത്സരങ്ങൾ കൂടുതൽ ആവേശകരമാകുമെന്നും ഷാജി പ്രഭാകരൻ വ്യക്‌തമാക്കി. 'അവസാന നാലിലെ പോരാട്ടം തീവ്രമായിരിക്കാനാണ് സാധ്യത. അന്താരാഷ്ട്ര വേദിയിൽ പന്തുതട്ടുന്നതിനായി ടീമുകൾ ഏതറ്റം വരെയും പോകുമെന്നാണ് പ്രതീക്ഷ. ആ വാശിയേറിയ പോരാട്ടം കാണാനായി കാത്തിരിക്കുകയാണ് ഞങ്ങൾ.
രാജ്യത്തുടനീളമുള്ള ഫുട്ബോൾ വികസനത്തിൽ ഞങ്ങളുടെ പദ്ധതികളുടെ കേന്ദ്രമാണ് സന്തോഷ് ട്രോഫി. ഇന്ത്യൻ ഫുട്ബോൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാ സംസ്ഥാന ഫുട്‌ബോൾ അസോസിയേഷനുകൾക്കും സാമ്പത്തിക സഹായം നൽകുന്നതിനുള്ള സാഹചര്യം മെച്ചപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
രാജ്യത്തുടനീളമുള്ള ഫുട്ബോൾ വികസനം സാധ്യമാക്കുന്നതിനായി വിഷൻ 2047 എന്ന പദ്ധതിയും ഫുട്‌ബോൾ ഫെഡറേഷൻ ജനുവരിയിൽ അവതരിപ്പിച്ചിരുന്നു. ഇത് വലിയ ലക്ഷ്യത്തിലേക്കുള്ള ചെറിയ ചുവടുകൾ മാത്രമാണ്. ഇതിലൂടെ വരും വർഷങ്ങളിൽ പുരുഷ-വനിതാ ടീമുകളെ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
എന്നാൽ ഒരു ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ മെച്ചപ്പെടുത്താൻ സാധിക്കുന്നവയല്ല ഇത്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ശ്രദ്ധാപൂർവം പിന്തുടരേണ്ട ഘടകങ്ങളുണ്ട്. കേന്ദ്ര സർക്കാരിൽ നിന്നും വിവിധ സംസ്ഥാന സർക്കാരുകളിൽ നിന്നും ഞങ്ങൾക്ക് വളരെയധികം പിന്തുണ ലഭിക്കുന്നുണ്ട്. അതിൽ ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്' - എഐഎഫ്എഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.
കപ്പടിക്കാൻ കേരളം: ഫൈനല്‍ റൗണ്ടുകളില്‍ പന്ത്രണ്ട് ടീമുകള്‍ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ക്കാണ് സെമി ഫൈനലിന് യോഗ്യത ലഭിക്കുന്നത്. അവർക്ക് റിയാദിൽ സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ഏറ്റുമുട്ടാനുള്ള അവസരം ലഭിക്കും. നിലവിൽ ഗ്രൂപ്പ് രണ്ടിലാണ് കേരളത്തിന്‍റെ സ്ഥാനം. ഫൈനൽ റൗണ്ടിൽ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ കേരളം നാളെ ഗോവയെ നേരിടും.