പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലേക്ക് ചേക്കേറിയതോടെ ലോകമെമ്പാടുമുള്ള മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ് സൗദി പ്രോ ലീഗ്. കഴിഞ്ഞ ഡിസംബറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോ സൗദി ക്ലബായ അൽ നസ്‌റിനൊപ്പം കരാർ ഒപ്പിടുന്നത്. റൊണാൾഡോയ്‌ക്ക് പിന്നാലെ അർജന്‍റീനൻ സൂപ്പർ താരം ലയണൽ മെസിയും സൗദി ലീഗിൽ കളിക്കുമെന്ന വാർത്തകളാണ് നമുക്ക് ചുറ്റുമുള്ളത്. സമീപകാലത്ത് ഫുട്‌ബോളിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് സൗദി അറേബ്യ നടത്തുന്ന നീക്കങ്ങൾ തന്നെയാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കരുത്തേകുന്നതും.
ക്രിസ്റ്റ്യാനോയ്‌ക്ക് പിന്നാലെ മെസിയും സൗദി ലീഗിലെത്തുകയാണെങ്കിൽ നിലവിൽ ലീഗിനുണ്ടായിരുന്ന ആരാധകരുടെ വർധന പതിൻമടങ്ങാകുമെന്നതിൽ സംശയമില്ല. ലോക റെക്കോഡ് പ്രതിഫലം വാഗ്‌ദാനം ചെയ്‌തുകൊണ്ട് അൽ ഹിലാലാണ് മെസിയെ സൗദിയിലെത്തിക്കാൻ ശ്രമിക്കുന്നത്. ലോക ഫുട്‌ബോളിലെ മികച്ച താരങ്ങൾ അണിനിരക്കുന്നതോടെ ലീഗിന്‍റെ നിലവാരം ഉയരുകയും കൂടുതൽ താരങ്ങൾ സൗദി ലീഗിലെ ടീമുകളുമായി കരാറിലെത്തുമെന്നാണ് പ്രമുഖ സ്‌പോർട്‌സ് വെബ്‌സൈറ്റായ ഇഎസ്‌പിഎൻ വ്യക്തമാക്കുന്നത്.
ചരിത്രത്തിൽ ആദ്യമായി 2022 ഡിസംബറിൽ ഫിഫ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിച്ച സൗദി അറേബ്യ 2030ൽ നടക്കുന്ന ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാനും ഒരുങ്ങുകയാണ്. ഈജിപ്‌ത്, ഗ്രീസ് എന്നി രാജ്യങ്ങളുമായി ചേർന്ന് ലോകകപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഈ ബിഡ് സാധ്യമാകുകയാണെങ്കിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലെ മൂന്ന് വ്യത്യസ്‌ത ഫുട്ബോൾ ഫെഡറേഷനുകൾ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഫിഫ ലോകകപ്പായിരിക്കും.
മാഞ്ചസ്റ്റർ യുണൈറ്റഡുമായി പരസ്‌പര ധാരണയിൽ കരാർ റദ്ദാക്കിയതിന് പിന്നാലെ അൽ നസ്‌റിനൊപ്പം ചേർന്നത് സൗദി ലീഗിന് കൂടുതൽ പ്രശസ്‌തിയും സാമ്പത്തിക നേട്ടവുമാണ് ഉണ്ടാക്കിയത്. റൊണാൾഡോ എത്തിയതോടെ സൗദി പ്രോ ലീഗിന്‍റെ സംപ്രേഷണത്തിലും കാര്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. താരത്തിന്‍റെ വരവോടെ, ഒരു മാസത്തിനകം പോർച്ചുഗൽ, ഇറ്റലി, ജർമനി, ഗ്രീസ്, ഓസ്‌ട്രിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ ലീഗിന്‍റെ സംപ്രേഷണാവകാശം വിൽക്കാനുമായിരുന്നു.
മെസി-റൊണാൾഡോ പോരാട്ടം തിരികെ വരുമോ..? ഈ സീസണിൽ പിഎസ്‌ജിയുള്ള കരാർ അവസാനിക്കുന്നതോടെ അൽ ഹിലാൽ എഫ്‌സിയിൽ ചേരുമെന്നാണ് വാർത്തകൾ. സൗദി പ്രോ ലീഗിലെ ഏറ്റവും വിജയകരമായ ക്ലബായ അൽ ഹിലാൽ ലോക റെക്കോഡ് തുകയായ 350 മില്യൺ (3600 കോടി രൂപ) യൂറോയുടെ പ്രതിവർഷ കരാറാണ് മെസിക്ക് മുൻപിൽ വെച്ചിട്ടുള്ളത്. അൽ നസ്‌റിനൊപ്പം ചേർന്ന റൊണാൾഡോയുടെ ആദ്യ മത്സരം ജനുവരി 19 ന് റിയാദിൽ പിഎസ്‌ജിക്കെതിരെയായിരുന്നു. സൗദി പ്രോ ഇലവനും പിഎസ്‌ജിയും തമ്മിൽ നടന്ന മത്സരത്തിൽ ലോക ഫുട്‌ബോളിലെ എക്കാലത്തെ മികച്ച താരങ്ങളായ മെസിയും റൊണാൾഡോയും തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. 2018 ൽ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട ശേഷം ഇരു താരങ്ങളും വീണ്ടും ഒരു ലീഗിൽ ഒരുമിച്ചാൽ എങ്ങനെയിരിക്കുമെന്നതാണ് ഈ സൗഹൃദ മത്സരം വ്യക്‌തമാക്കിയത്.
ലക്ഷ്യമിടുന്നത് യുറോപ്പിലെ 50ലധികം താരങ്ങളെ... സൗദി കായിക മന്ത്രാലയത്തിന്‍റെ പിന്തുണയോടെ യൂറോപ്പിലെ ടോപ് ഡിവിഷൻ ലീഗുകളിൽ നിന്നും 50-ലധികം താരങ്ങളെ ലീഗിലെത്തിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഈ സമ്മറിൽ കരാർ അവസാനിക്കുന്ന താരങ്ങളുമായി കരാറിലെത്താനാണ് സൗദി ക്ലബുകളുടെ ശ്രമം. ഈ പട്ടികയിൽ ഏറ്റവും മുന്നിലുള്ള താരമാണ് മെസി.