റിയാദ്:2034 ലോകകപ്പ് ഫുട്‌ബോളിന് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് ഫിഫയെ അറിയിച്ച് സൗദി അറേബ്യ. ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 31 ആണ്. ഈ സാഹചര്യത്തിലാണ് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയ്‌ക്ക് രേഖകള്‍ സമര്‍പ്പിക്കുകയും കരാര്‍ ഒപ്പിട്ടിരിക്കുകയും ചെയ്‌തിരുന്നത്.
ഏഷ്യ ഓഷ്യാന സോക്കര്‍ ഗവേണിങ് ബോഡിയിലെ അംഗങ്ങള്‍ക്കാണ് 2034 ഫുട്‌ബോള്‍ ലോകകപ്പിന്‍റെ നടത്തിപ്പ് അവകാശം. നിലവില്‍ സൗദി അറേബ്യ മാത്രമാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
'കഴിഞ്ഞ ആഴ്‌ചയിലാണ് 2034 ലോകകപ്പ് നടത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഞങ്ങള്‍ രംഗത്തെത്തിയത്. ഇപ്പോള്‍ അതേ ആവശ്യം ഔദ്യോഗികമായി തന്നെ ഫിഫയെ അറിയിച്ചിരിക്കുകയാണ്. ലോകകപ്പ് സൗദിയില്‍ നടത്തുന്നതിനായി സാധ്യമായ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്യും', സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) പ്രസിഡന്‍റ് യാസർ അൽ മിസെഹൽ (Yasser Al Misehal) അറിയിച്ചു.
ഫിഫയുടെ 211 അംഗരാജ്യങ്ങളില്‍ എഴുപതിലേറെ രാജ്യങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് സൗദിയുടെ അവകാശവാദം. നേരത്തെ ഗ്രീസ്, ഈജിപ്‌ത് രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് ലോകകപ്പ് നടത്താനായിരുന്നു സൗദി അറേബ്യ താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍, ഈ പദ്ധതി ഉപേക്ഷിച്ചാണ് സൗദി നിലവില്‍ ഫിഫയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്നാണ് സൂചന.
2022 ലോകകപ്പിന് ശേഷം ഫുട്‌ബോളില്‍ വലിയ തരംഗമാണ് സൗദി അറേബ്യ സൃഷ്‌ടിച്ചത്. വമ്പന്‍ തുക മുടക്കി നിരവധി താരങ്ങളെ സൗദിയിലെ ക്ലബുകള്‍ സ്വന്തമാക്കുകയും ചെയ്‌തിരുന്നു. നേരത്തെ, 2034 ഫുട്‌ബോള്‍ ലോകകപ്പിന് ന്യൂസിലന്‍ഡുമായി ചേര്‍ന്ന് നടത്താനുള്ള താല്‍പര്യം അറിയിച്ച് ഓസ്‌ട്രേലിയയും രംഗത്തെത്തിയിരുന്നു. എന്നാല്‍, ശേഷിക്കുന്ന സമയത്തിനുള്ളില്‍ അവര്‍ക്ക് കരാര്‍ ഒപ്പിടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ നിലവില്‍ സംശയങ്ങള്‍ നിലനില്‍ക്കുകയാണ്.
ലോകകപ്പിന്‍റെ 100-ാം വാര്‍ഷികമായ 2030ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനായി ഒരു രാജ്യം മാത്രം മതിയെന്ന നിലപാടായിരുന്നു ആദ്യം ഫിഫ സ്വീകരിച്ചിരുന്നത്. എന്നാല്‍, കൂടുതല്‍ രാജ്യങ്ങള്‍ ലോകകപ്പ് വേദിക്കായി താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തുകയായിരുന്നു. ഇതോടെ തെക്കേ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ആറ് രാജ്യങ്ങളിലായി ലോകകപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അര്‍ജന്‍റീന, ഉറുഗ്വേ, പരാഗ്വേ, മൊറോക്കോ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ് 2034ലെ ലോകകപ്പ് നടക്കുന്നത്. 48 രാജ്യങ്ങളെ ആദ്യമായി പങ്കെടുപ്പിച്ചുകൊണ്ട് ഫിഫ സംഘടിപ്പിക്കുന്ന 2026ലെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് നടക്കുന്നത്.
Also Read :FIFA Suspended Luis Rubiales 'ചുംബന വിവാദം'; ലൂയിസ് റൂബിയാലെസിനെ ഫിഫ സസ്പെൻഡ് ചെയ്‌തു