ദോഹ: കോപ്പ അമേരിക്കയും ഫൈനലിസിമയും ജയിച്ച് തോല്‍വിയറിയാതെ 36 മത്സരങ്ങൾ കടന്ന് ലോകകപ്പിനെത്തിയ അർജന്‍റീന. ലക്ഷ്യം ഫുട്‌ബോളിലെ ലോക ചാമ്പ്യൻമാരാകുക എന്നത് തന്നെ. അതിനുമുപ്പുറം അവരുടെ മിശിഹയ്ക്ക് ലോകകിരീടം സമ്മാനിക്കുക. ഇന്ന് സൗദി അറേബ്യയ്ക്ക് എതിരെയിറങ്ങുമ്പോൾ രാജകീയ ജയം തന്നെയാണ് മിശിഹയും സംഘവും ലക്ഷ്യമിട്ടത്.
കാരണം, മെസിയടക്കം വമ്പൻ താരനിരയുമായെത്തിയ അർജന്‍റീനയ്ക്ക് മുന്നില്‍ സൗദി വെറുമൊരു കുഞ്ഞൻ ഫുട്‌ബോൾ ടീമായിരുന്നു. സൗദിയിലെ പ്രാദേശിക ലീഗുകളില്‍ മാത്രം കളിക്കുന്ന താരങ്ങളുമായാണ് സൗദിയുടെ വരവ്. ഖത്തറിന്‍റെ അയല്‍രാജ്യമെന്ന നിലയില്‍ ലഭിക്കുന്ന ആരാധക ബാഹുല്യവും ഒന്നും നഷ്‌ടപ്പെടാനില്ലെന്ന ബോധ്യവുമായിരുന്നു സൗദിയുടെ മുതല്‍ക്കൂട്ട്.
കളി തുടങ്ങിയപ്പോൾ തന്നെ അർജന്‍റീന അവരുടെ മികവ് പുറത്തെടുത്തു. ആദ്യം ഗോളടിച്ചതും അർജന്‍റീന. അതും സാക്ഷാല്‍ മെസിയുടെ പെനാല്‍റ്റിയില്‍. പക്ഷേ രണ്ടാം പകുതിയിലേക്ക് മാറിയപ്പോൾ സൗദിയുടെ സ്വഭാവം മാറി. നാല്‍പത്തിയെട്ടാം മിനിട്ടില്‍ സാലിഹ് അല്‍ ഷെഹ്‌റിയുടെ ബൂട്ടില്‍ നിന്ന് സമനില ഗോൾ. അൻപത്തി മൂന്നാം മിനിട്ടില്‍ മെസി മാത്രമല്ല, ലോകം തന്നെ ഞെട്ടിയ രണ്ടാം ഗോളുമായി സൗദി കളം പിടിച്ചു. സലേം അല്‍ദോസരിയും ഗോൾ നേടിയതോടെ മെസിയും സംഘവും നിഷ്‌പ്രഭരായി.
പിന്നെയൊരു സമനില ഗോളിനായി അർജന്‍റീന നന്നേ പണിപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. 1988ലും 2012ലെ ലോകകപ്പിലും അർജന്‍റീനയെ സമനിലയില്‍ തളച്ച ചരിത്രമുള്ള സൗദി അറേബ്യ ഇത്തവണ ആ ചരിത്രം മാറ്റിയെഴുതി. സാക്ഷാല്‍ ലയണല്‍ മെസിയെ കാഴ്‌ചക്കാരനാക്കി ചരിത്ര വിജയം. വാമോസ് സൗദി... ആരാധകരേ പരിഭ്രാന്തരാകരുത്...കളി ഇനിയും ബാക്കിയുണ്ട്.. ലോകകപ്പ് കഴിഞ്ഞിട്ടില്ല.