റിയാദ്: സമകാലിക ഫുട്‌ബോളിലെ രണ്ട് ഇതിഹാസ താരങ്ങള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ പന്തുതട്ടി. കളിമൈതാനത്താകട്ടെ സൗഹൃദത്തിന് സൗഹൃദം, അടിക്ക് തിരിച്ചടി. ഗോള്‍ വേട്ട തുടങ്ങി വച്ചത് ലയണല്‍ മെസി.
മറുപടിയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകള്‍. പിന്നാലെ ഗോള്‍ പട്ടികയില്‍ പേര് ചേര്‍ത്ത് എംബാപ്പെയും റാമോസും. കിങ് ഫഹദ് സ്റ്റേഡിയത്തില്‍ സൂപ്പര്‍ താരങ്ങളെല്ലാം കളം നിറഞ്ഞ് കളിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ സൗദി ഓള്‍സ്റ്റാര്‍ ഇലവനെതിരെ 5-4 ന്‍റെ ജയം സ്വന്തമാക്കി പിഎസ്‌ജി.
സൗദി ക്ലബ്ബുകളായ അല്‍ നസ്‌ര്‍, അല്‍ ഹിലാല്‍ ടീമിലെ താരങ്ങളെ അണിനിരത്തിയാണ് റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ഓള്‍സ്റ്റാര്‍ ഇലവന്‍ കളത്തിലിറങ്ങിയത്. സൗദിയിലെ അരങ്ങേറ്റ മത്സരം രണ്ട് ഗോളടിച്ചാണ് റൊണാള്‍ഡോ ആഘോഷമാക്കിയത്. മറുവശത്താകാട്ടെ മെസിക്കൊപ്പം, എംബാപ്പെ, നെയ്‌മര്‍, മാര്‍ക്വീഞ്ഞോസ്, റാമോസ് തുടങ്ങി പ്രധാന താരങ്ങളെല്ലാം ആദ്യ ഇലവനില്‍ തന്നെ ഇടം പിടിച്ചിരുന്നു.
അടിയും തിരിച്ചടിയും:സൂപ്പര്‍ താരങ്ങളെല്ലാം ആദ്യ ഇലവനില്‍ തന്നെ മൈതാനത്ത് ഇറങ്ങിയ മത്സരത്തില്‍ ലയണല്‍ മെസിയാണ് ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. മത്സരത്തിന്‍റെ മൂന്നാം മിനിട്ടില്‍ തന്നെ മെസി ഫ്രഞ്ച് ക്ലബ്ബിനെ മുന്നിലെത്തിച്ചു. നെയ്‌മറുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.