കേരളം

kerala

ETV Bharat / sports

സ്വിസ് ഓപ്പൺ : ചാമ്പ്യന്മാരായി സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം - കിഡംബി ശ്രീകാന്ത്

സ്വിസ് ഓപ്പൺ സൂപ്പർ സീരീസ് 300 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ചൈനീസ് താരങ്ങളെ കീഴടക്കി ഇന്ത്യയുടെ സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം

Satwiksairaj Rankireddy  Chirag Shetty  Swiss Open  Swiss Open  സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി  ചിരാഗ് ഷെട്ടി  സ്വിസ് ഓപ്പൺ  സ്വിസ് ഓപ്പൺ 2023  പിവി സിന്ധു  pv sindhu  HS Prannoy  എച്ച് എസ്‌ പ്രണോയ്‌  കിഡംബി ശ്രീകാന്ത്  Kidambi Srikanth
ചാമ്പ്യന്മാരായി സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം

By

Published : Mar 26, 2023, 5:23 PM IST

Updated : Mar 26, 2023, 5:29 PM IST

ബാസൽ : സ്വിസ് ഓപ്പൺ സൂപ്പർ സീരീസ് 300 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ചാമ്പ്യന്മാരായി ഇന്ത്യയുടെ സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിള്‍സ് ഫൈനലില്‍ ചൈനയുടെ താങ് ക്വിയാൻ-റെൻ യു സിയാങ് സഖ്യത്തെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരങ്ങളുടെ കിരീട നേട്ടം. ഞായറാഴ്‌ച നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ജയിച്ച് കയറിയത്.

21-19, 24-22 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരം പിടിച്ചത്. സ്‌കോര്‍ കാണിക്കുന്നത് പോലെ 2022ലെ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലമെഡല്‍ ജേതാക്കളായ സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡിയ്‌ക്കും ചിരാഗ് ഷെട്ടിയ്‌ക്കും കടുത്ത വെല്ലുവിളിയാണ് ചൈനീസ് താരങ്ങള്‍ ഉയര്‍ത്തിയത്. ചൈനീസ് താരങ്ങള്‍ ആക്രമിച്ച് കളിച്ചപ്പോള്‍ പ്രതിരോധത്തില്‍ ഉറച്ച് നിന്ന രണ്ടാം സീഡായ ഇന്ത്യന്‍ താരങ്ങള്‍ പിന്നീട് പ്രത്യാക്രമണം നടത്തിയാണ് രണ്ട് സെറ്റുകളും സ്വന്തമാക്കിയത്. 54 മിനിട്ടാണ് മത്സരം നീണ്ടുനിന്നത്.

സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഈ സീസണില്‍ നേടുന്ന ആദ്യ കിരീടമാണിത്. കൂടാതെ സ്വിസ് ഓപ്പൺ സൂപ്പർ സീരീസ് 300 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിലും ആദ്യമാണ് സംഘം വിജയികളാവുന്നത്. ഇന്ത്യയുടെ പിവി സിന്ധു (2022), സൈന നെഹ്‌വാൾ (2011, 2012), കിഡംബി ശ്രീകാന്ത് (2015), എച്ച്എസ് പ്രണോയ് (2016) എന്നിവരും നേരത്തെ സ്വിസ് ഓപ്പണില്‍ കിരീടം നേടിയിട്ടുണ്ട്.

ഈ വിജയത്തോടെ കഴിഞ്ഞ ആഴ്‌ച നടന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് ബാഡ്‌മിന്‍റണിന്‍റെ രണ്ടാം റൗണ്ടിൽ പുറത്തായതിന്‍റെ നിരാശ മറക്കാനും സാത്വിക്‌ ഇരുവര്‍ക്കും കഴിഞ്ഞു. മലേഷ്യയുടെ ഓങ് യൂ സിന്‍-തിയോ ഈ യി സഖ്യത്തെയായിരുന്നു സെമിയില്‍ ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. ഒരു മണിക്കൂറും ഒമ്പത് മിനിറ്റും നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലായിരുന്നു മൂന്നാം സീഡായ മലേഷ്യന്‍ താരങ്ങള്‍ തോല്‍വി സമ്മതിച്ചത്.

കനത്ത പോരാട്ടത്തിനൊടുവില്‍ മലേഷ്യന്‍ താരങ്ങള്‍ക്കെതിരെ ആദ്യ സെറ്റ് സ്വന്തമാക്കാന്‍ സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം സെറ്റ് പിടിച്ച് ഓങ് യൂ സിന്‍-തിയോ ഈ യി സഖ്യം തിരിച്ചടിച്ചു. ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റ് നേടിയാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരം പിടിച്ചത്. സ്‌കോര്‍: 21-19, 17-21, 21-17.

സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ മുന്‍ നിര താരങ്ങളായ പിവി സിന്ധു, എച്ച്എസ്‌ പ്രണോയ്‌, കിഡംബി ശ്രീകാന്ത് തുടങ്ങിയവര്‍ക്ക് മുന്നേറാന്‍ കഴിയാതെ വന്നതോടെ സ്വിസ് ഓപ്പൺ സൂപ്പർ സീരീസ് 300 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിലെ ഏക പ്രതീക്ഷയായിരുന്നു സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. നിലവിലെ ചാമ്പ്യനായി മത്സരിക്കാനെത്തിയ സിന്ധു രണ്ടാം റൗണ്ടിലാണ് തോല്‍വി വഴങ്ങിയത്.

സീഡ് ചെയ്യപ്പെടാത്ത ഇന്തോനേഷ്യൻ താരം കുസുമ വർദാനിയാണ് നാലാം സീഡായിരുന്ന സിന്ധുവിനെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരം തോല്‍വി വഴങ്ങിയത്. ആദ്യ സെറ്റ് കൈമോശം വന്ന സിന്ധു രണ്ടാം സെറ്റ് പിടിച്ച് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

എന്നാല്‍ മൂന്നാം സെറ്റ് സ്വന്തമാക്കിയ ഇന്തോനേഷ്യൻ താരം മത്സരം പിടിക്കുകയായിരുന്നു. സ്‌കോര്‍: 15-21, 21-12, 18-21. ഫ്രാന്‍സിന്‍റെ ക്രിസ്‌റ്റോ പോപോവിനോട് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു മലയാളി താരം എച്ച്എസ്‌ പ്രണോയ് തോല്‍വി വഴങ്ങിയത്. ഫ്രഞ്ച് താരത്തിനെതിരെ കാര്യമായ പോരാട്ടം നടത്താതെയായിരുന്നു പ്രണോയിയുടെ കീഴടങ്ങല്‍. സ്‌കോര്‍: 8-21, 8-21.

ALSO READ:അഭിമാനമായി സവീറ്റി ബൂറ ; ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക്‌ രണ്ടാം സ്വർണം

എന്നാല്‍ ഹോങ്കോങ്ങിന്‍റെ ച്യൂക് യിയു ലീക്കെതിരെ കനത്ത പോരാട്ടം നടത്തിയായിരുന്നു ശ്രീകാന്ത് തോല്‍വി വഴങ്ങിയത്. രണ്ടാം റൗണ്ട് മത്സരത്തില്‍ 22-20, 21-17 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരം പരാജയം സമ്മതിച്ചത്.

Last Updated : Mar 26, 2023, 5:29 PM IST

ABOUT THE AUTHOR

...view details