ദുബായ് : ഏഷ്യൻ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസ് ഫൈനലിൽ ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനക്കാരായ മലേഷ്യൻ ജോഡിയെ തോൽപ്പിച്ചാണ് 'സുവര്‍ണ നേട്ടം'. 58 വർഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യൻ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്നത്.
2022ലെ ലോക ബാഡ്‌മിന്‍റൺ വെങ്കല മെഡൽ ജേതാക്കളായ ഇന്ത്യൻ സഖ്യം 21-16, 17-21, 19-21 എന്ന സ്‌കോറിനാണ് മലേഷ്യയുടെ ഓങ് യു സിൻ-ടിയോ ഈ യി സഖ്യത്തെ പരാജയപ്പെടുത്തിയത്. മത്സരത്തിലെ ആദ്യ ഗെയിം നഷ്‌ടമായ ശേഷം ശക്‌തമായി തിരിച്ചടിച്ചാണ് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ജയിച്ചുകയറിയത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ ഗെയിമിൽ തുടർച്ചയായി ആറ് പോയിന്‍റുകൾ നേടിയാണ് മലേഷ്യൻ സഖ്യം മുന്നിലെത്തിയത്. രണ്ടാം ഗെയിമിന്‍റെ ഭൂരിഭാഗവും ആധിപത്യം പുലർത്തിയ ഓങ്-ടിയോ സഖ്യം 13-7 ന് ലീഡ് ചെയ്‌തിരുന്നു. പിന്നീട് തുടർച്ചയായി അഞ്ച് പോയിന്‍റുകൾ നേടിയ ഇന്ത്യൻ സഖ്യം 15-14 ന് ഗെയിമിൽ ആദ്യമായി ലീഡ് നേടി. തുടർന്ന് 21-17 ന് രണ്ടാം ഗെയിം സ്വന്തമാക്കിയ ഇന്ത്യ മത്സരത്തെ നിർണായകമായ മൂന്നാം ഗെയിമിലേക്ക് കൊണ്ടുപോയി.
ആദ്യ ഗെയിമിന് സമാനമായി മൂന്നാം ഗെയിമിലും രണ്ട് ടീമുകളും തുല്യപോരാട്ടമാണ് നടത്തിയത്. പിന്നീട് മലേഷ്യൻ സഖ്യം മൂന്ന് പോയിന്‍റ് ലീഡ് നേടി. ശക്‌തമായി തിരിച്ചടിച്ച സാത്വിക്കും ചിരാഗും മത്സരത്തിൽ രണ്ടാം തവണയും തിരിച്ചുവരവ് നടത്തി. ഇതോടെ 21-19 ന് മൂന്നാം സെറ്റും ചരിത്ര സ്വർണവും ഇന്ത്യൻ ജോഡി സ്വന്തമാക്കി.