കൊറിയ ഓപ്പണ്‍ 500 ബാഡ്‌മിന്‍റണ്‍ സൂപ്പര്‍ സീരീസ് കിരീടനേട്ടത്തിന് പിന്നാലെ ബിഡബ്ല്യുഎഫ് ലോക റാങ്കിങ്ങിലും നേട്ടം കൊയ്‌ത് ഇന്ത്യയുടെ മുൻനിര പുരുഷ ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടിയും സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും. ചൊവ്വാഴ്ച പുറത്തുവന്ന ഏറ്റവും പുതിയ ബിഡബ്ല്യുഎഫ് ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനമാണ് ചിരാഗ് ഷെട്ടി-സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി സഖ്യം നേടിയത്. സഖ്യത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച ലോക റാങ്കിങ്ങാണിത്.
കഴിഞ്ഞ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇരുവരും ഒരു സ്ഥാനം മെച്ചപ്പെടുത്തുകയായിരുന്നു. ചൈനയുടെ ലിയാങ് വെയ് കെങ് - വാങ് ചാങ് സഖ്യത്തെ മറികടന്നാണ് ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. നേരത്തേ കൊറിയ ഓപ്പണ്‍ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ ലിയാങ് വെയ് കെങ് - വാങ് ചാങ് സഖ്യത്തെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ചിരാഗ് ഷെട്ടിയും സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ഫൈനലില്‍ എത്തിയത്.
ഈ സീസണിൽ കൊറിയ ഓപ്പൺ (സൂപ്പർ 500), സ്വിസ് ഓപ്പൺ (സൂപ്പർ 300), ഇന്തോനേഷ്യ ഓപ്പൺ (സൂപ്പർ 1000) കിരീടങ്ങൾ നേടിയ ഏഷ്യൻ ചാമ്പ്യന്മാരായ ചിരാഗ് ഷെട്ടി-സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി സഖ്യത്തിന് നിലവില്‍ 87,211 പോയിന്‍റാണുള്ളത്.
ചിരാഗ് ഷെട്ടിയും സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ഈ വര്‍ഷം കളിക്കുന്ന നാലാമത്തെ ഫൈനലായിരുന്നു കൊറിയ ഓപ്പണിലേത്. ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരില്‍ ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്‍റോ സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ കിരീടം ഉയര്‍ത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം മത്സരം പിടിച്ചത്.