ലണ്ടന്‍: യൂറോ കപ്പ് കിരീട നേട്ടത്തോടെ ഫുട്‌ബോള്‍ മൈതാനത്ത് ഒരു കിരീടത്തിനായുള്ള 56 വർഷത്തെ കാത്തിരിപ്പാണ് ഇംഗ്ലണ്ട് വനിതകള്‍ അവസാനിച്ചത്. വെംബ്ലിയില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ജര്‍മനിയെ 2-1ന് കീഴടക്കിയാണ് ഇംഗ്ലണ്ടിന്‍റെ പെണ്‍പട ചരിത്രം രചിച്ചത്. ഇതിന്‍റെ ആഘോഷവും ആരവവും ഇംഗ്ലണ്ടിലെങ്ങും മുഴങ്ങുന്നുണ്ട്.
ഇപ്പോഴിതാ ആഘോഷത്തിന്‍റെ കൊടുമുടിയിലെത്തിയ ഇംഗ്ലീഷ് താരങ്ങളുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മത്സരത്തിന് ശേഷമുള്ള ഇംഗ്ലീഷ് പരിശീലക സറീന വിങ്‌മാന്‍റെ വാര്‍ത്ത സമ്മേളനത്തിലേക്ക് പാട്ട് പാടിയും നൃത്തമാടിയും താരങ്ങള്‍ എത്തുകയായിരുന്നു.
'ഇറ്റ്‌സ് കമിങ് ഹോം' എന്ന പാട്ടായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍ ഉറക്കെ പാടിയത്. അതേസമയം മത്സരത്തിന്‍റെ അധിക സമയത്താണ് ഇംഗ്ലണ്ട് ജര്‍മനിയെ കീഴടത്തിയത്. നിശ്ചിത സമയത്ത് ഒരോ ഗോളുമായി ഇരു സംഘവും സമനിലയിലായിരുന്നു. ഗോള്‍ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം 62-ാം മിനുട്ടില്‍ എല്ലാ ടൂണിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 79-ാം മിനുട്ടില്‍ ലിന മഗുലിയിലൂടെ ജര്‍മനി ഒപ്പം പിടിച്ചു.
തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്‍റെ 110-ാം മിനിട്ടില്‍ ക്ലോയി കെല്ലിയാണ് ഇംഗ്ലണ്ടിന്‍റെ വിജയഗോൾ നേടിയത്. 1966ൽ പുരുഷ ടീം ലോകകിരീടം നേടിയ ശേഷം ഫുട്‌ബോളിന്‍റെ ജന്മനാട്ടിലേക്ക് എത്തുന്ന ആദ്യ പ്രധാന കിരീടം കൂടിയാണിത്.