ബെനോലിം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിൽ പ്രവേശിച്ച് കേരളം. പ്രാഥമിക ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരിൽ ഒരാളായാണ് കേരളം ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. മിസോറാം, റെയിൽവേസ് എന്നീ ടീമകളാണ് മറ്റു രണ്ട് ടീമുകൾ.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്താൻ കഴിയാത്തതാണ് കേരളത്തിന് നേരിട്ട് യോഗ്യത നേടാൻ കഴിയാതിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നിര്‍ണായക മത്സരത്തില്‍ ഗോവയോട് ഒറ്റ ഗോളിന് തോറ്റതാണ് കേരളത്തിന് ഫൈനല്‍റൗണ്ട് യോഗ്യതയ്ക്കായി കാത്തിരിക്കേണ്ടി വന്നത്. ജയത്തോടെ ഗ്രൂപ്പ് ഒന്നിൽ നിന്ന് ഗോവ നേരിട്ട് യോഗ്യത നേടുകയായിരുന്നു.
നാല് കളികളിൽ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമടക്കം ഒമ്പത് പോയിന്‍റാണ് കേരളം നേടിയത്. 12 ഗോള്‍ അടിച്ചപ്പോൾ രണ്ട് ഗോളുകൾ മാത്രം വഴങ്ങിയ കേരളത്തിന് 10 ഗോളിന്‍റെ വ്യത്യാസവും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കന്നതിന് സഹായകരമായി.
ഡൽഹി, മണിപ്പൂർ, അസം, സർവീസസ്, മഹാരാഷ്‌ട്ര ടീമുകളും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇവർക്കൊപ്പം നിലവിലെ ചാമ്പ്യൻമാരായ കർണാടകയും റണ്ണേഴ്‌സപ്പായ മേഘാലയയും ആതിഥേയരായ അരുണാചൽ പ്രദേശും ചേരുന്നതോടെ ഫൈനൽ റൗണ്ടിന്‍റെ ചിത്രം പൂർണമാകും. ഡിസംബറിൽ അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുക.
12 ടീമുകളെ ആറ് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായിട്ടാണ് ഫൈനൽ റൗണ്ട്. ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കും. കഴിഞ്ഞ സീസണിൽ കേരളത്തിന് സെമിയിൽ കടക്കാനായിരുന്നില്ല.