മലപ്പുറം:ആവേശപ്പോരാട്ടത്തിൽ ശക്‌തരായ പഞ്ചാബിനെ മറികടന്ന് കേരളം സന്തോഷ് ട്രോഫി സെമിഫൈനലിൽ. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം കരുത്തരായ പഞ്ചാബിനെതിരെ 2-1നായിരുന്നു കേരളത്തിന്‍റെ വിജയം. ഇരുപകുതികളിലുമായി ക്യാപ്റ്റൻ ജിജോ ജോസഫ് നേടിയ ഇരട്ടഗോളുകളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.
ഗ്രൂപ്പ് എയിൽ നാല് മത്സരങ്ങളിൽനിന്ന് മൂന്നു വിജയവും ഒരു സമനിലയുമായി ഗ്രുപ്പ് ജേതാക്കളായിട്ടാണ് കേരളം സെമി ടിക്കറ്റ് ഉറപ്പിച്ചത്. നാല് മത്സരങ്ങളിൽ നിന്ന് ആകെ 10 പോയിന്‍റാണ് കേരളത്തിനുള്ളത്. മൂന്ന് മത്സരങ്ങളിൽ രണ്ടും പരാജയപ്പെട്ട പഞ്ചാബ് സെമി കാണാതെ പുറത്തായി.
പതിയെ തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ആദ്യ പത്തു മിനിറ്റിൽ തന്നെ മികച്ച രണ്ട് അവസരങ്ങൾ സൃഷ്‌ടിച്ച പഞ്ചാബ് 12-ാം മിനിട്ടിൽ കേരളത്തെ ഞെട്ടിച്ച് കൊണ്ട് ലീഡെടുത്തു. പ്രതിരോധപ്പിഴവിൽ നിന്നും പന്ത് പിടിച്ചെടുത്ത മൻവീർ സിങ്ങിന്‍റെ ഷോട്ട് കേരള ഗോൾ കീപ്പർ മിഥുന്‍ സേവ് ചെയ്‌തെങ്കിലും കൈയില്‍ തട്ടി വലയിൽ കയറി.
ഈ ഗോളിന് ഉണർന്ന് കളിച്ച കേരളം തുടർച്ചയായ ആക്രമണങ്ങളുമായി പഞ്ചാബ് ഗോൾമുഖം വിറപ്പിച്ചു. 14-ാം മിനിറ്റിൽ സല്‍മാന്‍റെ ഷോട്ട് പഞ്ചാബ് ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. അധികം വൈകാതെ കേരളം സമനില ഗോൾ കണ്ടെത്തി. ഒരു ഷോർട്ട് കോർണറിൽ നിന്ന് അർജുൻ ജയരാജ് നൽകിയ മനോഹരമായ ക്രോസ് ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹെഡറിലൂടെ ഗോളാക്കി മാറ്റി.
22-ാം മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്ന് മൻവീറിലൂടെ പഞ്ചാബ് ലീഡെടുത്തു. പക്ഷെ റഫറി ഓഫ്സൈഡ് വിളിച്ചത് കേരളത്തിന് ആശ്വാസമായി. 24-ാം മിനിറ്റിൽ വലതു വിങ്ങില്‍ നിന്ന് റാഷിദ് നല്‍കിയ ക്രോസില്‍ നിന്നും ക്യാപ്റ്റന്‍ ജിജോയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 33-ാം മിനിറ്റിൽ വലതു വിങ്ങില്‍ നിന്ന് അര്‍ജുന്‍ എടുത്ത ഫ്രികിക്ക് ഗോള്‍ കീപ്പര്‍ ഹർപീത് രക്ഷപ്പെടുത്തി. 36-ാം മിനിറ്റിൽ മധ്യനിരയില്‍ നിന്ന് ബോക്‌സ് ലക്ഷ്യമാക്കി ജിജോ നല്‍കിയ പാസ് സ്വീകരിച്ച് വിക്‌നേഷിന്‍റെ ഗോൾശ്രമം പഞ്ചാബ് പ്രതിരോധ താരം രജത്ത് സിങ് വിഫലമാക്കി.
ALSO READ:SANTHOSH TROPHY : മലപ്പുറത്ത് ഗോൾ മഴ; മേഘാലയക്കെതിരെ ബംഗാളിന് തകർപ്പൻ ജയം
രണ്ടാം പകുതിയിൽ തുടരാക്രമണങ്ങളുമായി ഇരുടീമുകളും നിറഞ്ഞുകളിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. ഷിഗിലിന്‍റെയും നൗഫലിന്‍റെയും ഗോൾ ശ്രമങ്ങൾ ഹർപീത് തട്ടിയകറ്റി. മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച നിമിഷം ക്യാപ്റ്റൻ ജിജോ കേരളത്തിനായി ഗോൾ നേടി. 86-ാം മിനിറ്റിൽ ഇടതു വിങ്ങില്‍ നിന്ന് സഞ്ചു നല്‍കിയ പാസ് പഞ്ചാബ് ബോക്‌സില്‍ നിന്നിരുന്ന ജിജോ വലയിലെത്തിച്ചു. ജിജോയുടെ ചാമ്പ്യന്‍ഷിപ്പിലെ അഞ്ചാം ഗോളായിരുന്നുവിത്.