മലപ്പുറം:സന്തോഷ് ട്രോഫി കിരീടത്തിൽ ഏഴാം തവണയും മുത്തമിട്ട് കേരളം. നിശ്ചിത സമയവും അധിക സമയവും കഴിഞ്ഞ് പെനാൽട്ടി ഷൂട്ടൗട്ട് വരെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. 116-ാം മിനിട്ട് വരെ ഒരു ഗോളിന് പിറകിലായിരുന്ന കേരളം അവിടെ നിന്ന് പൊരുതി കയറിയാണ് വിജയം പിടിച്ചെടുത്തത്. ഷൂട്ടൗട്ടിൽ 5-4 നായിരുന്നു കേരളത്തിന്‍റെ വിജയം.
മത്സരത്തിന്‍റെ നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും വലകുലുക്കാനായില്ല. ഇതോടെയാണ് കളി അധിക സമയത്തേക്ക് നീണ്ടത്. എന്നാൽ എക്‌ട്രാ ടൈമിൽ 97-ാം മിനിട്ടിൽ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ബംഗാൾ ആദ്യ ഗോൾ നേടി. തകർപ്പനൊരു ഹെഡ്ഡറിലൂടെ ദിലീപ് ഒറാവനാണ് ഗോൾ നേടിയത്. എന്നാൽ 117-ാം മിനിട്ടിൽ കേരളം തിരിച്ചടിച്ചു. മികച്ചൊരു ഹെഡറിലൂടെ മുഹമ്മദ് സഫ്‌നാദാണ് കേരളത്തിന്‍റെ രക്ഷകനായെത്തിയത്. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്ലുറഹ്‌മാന്‍ എന്നിവര്‍ കിക്ക് വലയിലെത്തിച്ചപ്പോള്‍ ബംഗാള്‍ നിരയില്‍ രണ്ടാം കിക്കെടുത്ത സജല്‍ ബാഗ് പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു. ഇതാണ് മത്സരത്തിന്‍റെ വിധിയെഴുതിയത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം.
ആദ്യ പകുതി:സെമി ഫൈനലിലെ ആദ്യ ഇലവനിൽ നിന്ന് മാറ്റം ഇല്ലാതെയാണ് ഫൈനൽ പോരാട്ടത്തിനായി കേരളം ഇറങ്ങിയത്. സെമിയിലേത് പോലെ തുടക്കത്തിൽ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ കേരളത്തിനായില്ല. എന്നാൽ മത്സരത്തിലെ ആദ്യ രണ്ട് നല്ല അവസരങ്ങൾ ലഭിച്ചത് ബംഗാളിനാണ്. 5-ാം മിനിട്ടിലും 22-ാം മിനിട്ടിലും ലഭിച്ച മികച്ച അവസരങ്ങൾ ബംഗാൾ നഷ്‌ടപ്പെടുത്തി.
33-ാം മിനിട്ടിലാണ് കേരളത്തിന്‍റെ ആദ്യ നല്ല അവസരം വന്നത്. അർജുൻ ജയരാജിന്‍റെ പാസിൽ നിന്ന് വിഖ്‌നേഷ് ബംഗാൾ ഡിഫൻസിനെ കീഴ്‌പ്പെടുത്തി മുന്നേറി. ബംഗാൾ ഗോൾ കീപ്പർ മാത്രമെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിഖ്‌നേഷിന് ലക്ഷ്യം കാണാൻ ആയില്ല. പിന്നാലെ ഇടതു വിങ്ങിൽ നിന്നുള്ള ഒരു ക്രോസ് ബംഗാൾ കീപ്പർ തട്ടിയകറ്റുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പും ബംഗാളിന് ഒരു സുവർണ്ണാവസരം ലഭിച്ചുവെങ്കിലും ഗോളാക്കാനായില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി തന്നെ അവസാനിച്ചു.
രണ്ടാം പകുതി: രണ്ടാം പകുതിയിൽ ജിജോ ജോസഫിലൂടെ കേരളം ഗോളിന് അടുത്ത് എത്തിയെങ്കിലും ഫലം ഉണ്ടായില്ല. രണ്ട് മികച്ച അവസരങ്ങളായിരുന്നു രണ്ടാം പകുതിയിൽ കേരളം നഷ്‌ടപ്പെടുത്തിയത്. മറുവശത്ത് മിഥുന്‍റെ മികച്ച സേവുകളും കളി ഗോൾ രഹിതമായി നിർത്തി. ഇതിനിടെ പരിക്ക് കാരണം അജയ് അലക്‌സ് പുറത്ത് പോയത് കേരളത്തിന് തിരിച്ചടിയായി. ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ തുടർന്നതോടെ കളി എക്‌സ്‌ട്രാ ടൈമിലേക്ക് നീങ്ങി.
കേരളവും ബംഗാളും പിന്നെ ഷൂട്ടൗട്ടും: കേരളവും ബംഗാളും സന്തോഷ് ട്രോഫിയുടെ കലാശപോരില്‍ എറ്റുമുട്ടിയത് നാല് തവണയാണ്. നാല് തവണയും കിരീടജേതാക്കളെ നിര്‍ണയിച്ചത് ഷൂട്ടൗട്ടിലൂടെയായിരുന്നു. ഇതിന് മുൻപ് 1989, 1994, 2018 വര്‍ഷങ്ങളിലാണ് കേരളവും ബംഗാളും സന്തോഷ് ട്രോഫിയുടെ ഫൈനലിൽ എറ്റുമുട്ടിയത്. നാല് തവണയും ഷൂട്ടൗട്ടില്‍ വിധി നിര്‍ണയിക്കപ്പെട്ടു. ഇരു ടീമുകളും രണ്ട് തവണ വീതം വിജയവും നേടി.
തിങ്ങിനിറഞ്ഞ് സ്റ്റേഡിയം: ഫൈനൽ മത്സരത്തിന്‍റെ കിക്കോഫിന് നാല് മണിക്കൂർ മുന്നേ തന്നെ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. 30000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ഇതിനിടെ അഞ്ച് മണിക്ക് തന്നെ മൈതാനത്തിന്‍റെ ഗേറ്റ് അടച്ചതിനാൽ ടിക്കറ്റ് കയ്യിൽ ഉണ്ടായിട്ടും മത്സരം കാണാൻ ആകാതെ ആയിരങ്ങൾക്ക് സ്റ്റേഡിയത്തിന് പുറത്ത് നിൽക്കേണ്ടി വന്നു.