ന്യൂഡല്‍ഹി :തെരഞ്ഞെടുക്കപ്പെട്ട ഗുസ്‌തി ഫെഡറേഷന്‍ പാനലിനെ സസ്പെന്‍ഡ് ചെയ്‌ത നടപടിയില്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്‌ച നടത്താന്‍ ഒരുങ്ങി സഞ്ജയ് സിങ് (Sanjay Singh To Meet Sports Minister Anurag Thakur). കായിക മന്ത്രാലയത്തിന്‍റെ നടപടിയില്‍ തന്‍റെ വാദങ്ങള്‍ വിശദമാക്കുന്നതിനായാണ് കൂടിക്കാഴ്‌ച. ഗുസ്‌തി ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ താത്കാലിക സമിതിയെ നിയോഗിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര കായിക മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് സഞ്ജയ് സിങ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ ഗുസ്‌തി ഫെഡറേഷനുകള്‍ നല്‍കുന്ന കത്തുമായിട്ടായിരിക്കും സഞ്ജയ് സിങ് അനുരാഗ് താക്കൂറിനെ കാണുക. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഗുസ്‌തി ഫെഡറേഷന്‍ പാനല്‍ ചട്ടവിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇന്നലെയായിരുന്നു കായിക മന്ത്രാലയം ഫെഡറേഷന്‍ സമിതിയെ സസ്‌പെന്‍ഡ് ചെയ്‌തത്.
കഴിഞ്ഞ ഡിസംബര്‍ 21ന് ഗുസ്‌തി ഫെഡറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് പഴയ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ വിശ്വസ്‌തന്‍ സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടത്. സഞ്ജയ് സിങ്ങിന്‍റെ നേതൃത്വത്തിലുളള പാനല്‍ 15ല്‍ 13 സീറ്റുകളും തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കി. ഏഴിനെതിരെ 40 വോട്ടുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച സഞ്ജയ് സിങ്ങിന് ലഭിച്ചത്.