ദുബായ്:പ്രൊഫഷണൽ ടെന്നിസ് കരിയര്‍ അവസാനിപ്പിച്ച ഇന്ത്യന്‍ ഇതിഹാസം സാനിയ മിര്‍സയ്‌ക്ക് ആദരവര്‍പ്പിച്ച് ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാംടെക്. സാനിയയുടെ ഐതിഹാസിക കരിയറിന് നന്ദി പറഞ്ഞാണ് പോളിഷ് താരമായ ഇഗ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പ് വനിത ഡബിള്‍സിന്‍റെ ഒന്നാം റൗണ്ടിലെ തോല്‍വിയോടെയാണ് സാനിയ ടെന്നിസിനോട് വിട പറഞ്ഞത്.
മിക്‌സ്‌ഡ് ഡബിള്‍സില്‍ സാനിയുടെ ആദ്യകാല പങ്കാളിയായിരുന്ന മഹേഷ് ഭൂപതിയും സാനിയയ്‌ക്ക് ആശംസ അറിയിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. കളിക്കളത്തിന് അകത്തും പുറത്തും നേടിയ വിജയങ്ങളില്‍ നിന്നെ ഓർത്ത് അഭിമാനിക്കുന്നുവെന്നാണ് ഭൂപതി ട്വീറ്റ് ചെയ്‌തിരിക്കുന്നത്. സാനിയയ്‌ക്കൊപ്പമുള്ള 2009ലെ ഓസ്ട്രേലിയൻ ഓപ്പണിലെയും 2012ലെ ഫ്രഞ്ച് ഓപ്പണിലെയും മധുര നിമിഷങ്ങളിലെയും ചിത്രങ്ങളും ഭൂപതി പങ്കുവച്ചിട്ടുണ്ട്.
യുഎസ് താരം മാഡിസണ്‍ കീസായിരുന്നു ദുബായില്‍ 36കാരിയായ സാനിയയുടെ പങ്കാളി. റഷ്യന്‍ സഖ്യമായ വെറോണിക്ക കുഡെര്‍മെറ്റോവ - ല്യുഡ്‌മില സാംസൊനോവ സഖ്യത്തോടായിരുന്നു സാനിയ-മാഡിസണ്‍ കൂട്ടുകെട്ട് കീഴടങ്ങിയത്. ഒരു മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യോ-യുഎസ് സഖ്യം പരാജയം സമ്മതിച്ചത്.