മെല്‍ബണ്‍: ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം സാനിയ മിർസയുടെ ഗ്രാൻഡ്‌സ്ലാം കരിയറിന് വിരാമം. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന്‍റെ മിക്സഡ് ഡബിൾസ് ഫൈനലിലെ തോല്‍വിയോടെയാണ് സാനിയ മിർസ തന്‍റെ ഗ്രാൻഡ്‌സ്ലാം കരിയറിന് അന്ത്യം കുറിച്ചത്. കരിയറിലെ ഏഴാം ഗ്രാൻഡ്‌സ്ലാം ലക്ഷ്യമിട്ടാണ് രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്സഡ് ഡബിൾസ് ഫൈനലിനായി സാനിയ റോഡ് ലേവര്‍ അറീനയില്‍ ഇറങ്ങിയത്.
എന്നാല്‍ ബ്രസീലിന്‍റെ ലയുസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തോട് ഇന്ത്യന്‍ താരങ്ങള്‍ തോല്‍വി വഴങ്ങുകയായിരുന്നു. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് സാനിയ-ബൊപ്പണ്ണ സഖ്യം ബ്രസീല്‍ താരങ്ങളോട് കീഴടങ്ങിയത്. ഇതോടെ കിരീട നേട്ടത്തോടെ ഗ്രാൻഡ്‌സ്ലാം കരിയർ അവസാനിപ്പിക്കാമെന്ന സാനിയയുടെ മോഹമാണ് ഒരു വിജയം അകലെ പൊലിഞ്ഞത്.
അടുത്തമാസം നടക്കുന്ന ദുബായ് ഓപ്പണോടെ ടെന്നീസ് അവസാനിപ്പിക്കുമെന്ന് അറിയിച്ച സാനിയ ഇത് തന്‍റെ അവസാന ഗ്രാൻഡ്‌സ്ലാം ആയിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ രണ്ട് തവണ മെല്‍ബണില്‍ കിരീടം ചൂടാന്‍ സാനിയയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസിലും 2016ൽ മാര്‍ട്ടിന ഹിന്‍ഗിസിനൊപ്പം വനിത ഡബിൾസിലുമാണ് സാനിയ കിരീടം നേടിയത്.
മത്സര ശേഷം ഏറെ വികാര നിര്‍ഭരമായാണ് സാനിയ ഗ്രാന്‍ഡ്സ്ലാമിനോട് വിടപറച്ചില്‍ നടത്തിയത്. തന്‍റെ ഗ്രാൻഡ്‌സ്ലാം കരിയർ അവസാനിപ്പിക്കുന്നതിന് ഇതിലും മികച്ചൊരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞില്ലെന്ന് സാനിയ പറഞ്ഞു.
"ഞാൻ ഇനിയും കുറച്ചു ടൂർണമെന്‍റുകൾ കൂടി കളിക്കും. 2005ൽ മെൽബണിലാണ് എന്‍റെ കരിയർ തുടങ്ങിയത്. ഇവിടെ വീണ്ടും വരാനുള്ള അനുഗ്രഹം എനിക്കു ലഭിച്ചു. ഈ വേദി എനിക്ക് സവിശേഷമാണ്.
മകന് മുന്നിൽ ഒരു ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല". സാനിയ മിർസ പറഞ്ഞു. ഇതിനിടെ കണ്ണീരടക്കാന്‍ പാടുപെട്ട താരം തന്‍റെ കണ്ണീര്‍ സന്തോഷത്താലുള്ളതാണെന്നും പറഞ്ഞിരുന്നു.
മത്സരശേഷം സഹതാരം രോഹന്‍ ബൊപ്പണ്ണയ്‌ക്കും സാനിയ നന്ദി പറഞ്ഞു. 14-ാം വയസില്‍ തന്‍റെ ആദ്യ മിക്‌സഡ് ഡബിള്‍സ് പങ്കാളി ബൊപ്പണ്ണയായിരുന്നുവെന്നും സാനിയ ഓര്‍ത്തെടുത്തു. 2018-ല്‍ മകന്‍ ഇഹ്‌സാന് ജന്മം നല്‍കിയ ശേഷം 2020ലാണ് സാനിയ ടെന്നീസിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യന്‍ ടെന്നീസിനെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയാണ് സാനിയ തന്‍റെ റാക്കറ്റ് താഴെ വയ്‌ക്കാന്‍ തയ്യാറെടുക്കുന്നത്.