ദുബായ്: ഇന്ത്യയുടെ ഇതിഹാസ താരം സാനിയ മിര്‍സ പ്രൊഫഷണൽ ടെന്നീസിനോട് വിടപറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പ് വനിത ഡബിള്‍സ് മത്സരത്തില്‍ ഒന്നാം റൗണ്ടിലെ തോല്‍വിയോടെയാണ് സാനിയ 20 വര്‍ഷങ്ങള്‍ നീണ്ട ഐതിഹാസിക കരിയര്‍ അവസാനിപ്പിച്ചത്. ഇതു തന്‍റെ അവസാന ടൂര്‍ണമെന്‍റാവുമെന്ന് നേരത്തെ തന്നെ 36കാരിയായ സാനിയ അറിയിച്ചിരുന്നു.
യുഎസ് താരം മാഡിസണ്‍ കീസായിരുന്നു ദുബായില്‍ സാനിയയുടെ പങ്കാളി. റഷ്യന്‍ സഖ്യമായ വെറോണിക്ക കുഡെര്‍മെറ്റോവ - ല്യുഡ്‌മില സാംസൊനോവ സഖ്യത്തോടായിരുന്നു സാനിയ-മാഡിസണ്‍ കൂട്ടുകെട്ട് കീഴടങ്ങിയത്. ഒരു മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യോ-യുഎസ് സഖ്യം പരാജയം സമ്മതിച്ചത്.സ്‌കോര്‍: 6-4, 6-0.
റാങ്കിങ്ങിൽ മുന്നിലും പ്രായം കൊണ്ട് പിന്നിലുമുള്ള എതിരാളികൾക്കെതിരെ ആദ്യ സെറ്റിൽ പൊരുതിക്കളിക്കാന്‍ സാനിയയ്‌ക്കും കീസിനും കഴിഞ്ഞിരുന്നു. 25കാരിയായ വെറോണിക്കയ്‌ക്കും 24കാരിയായ സാംസൊനോവയ്‌ക്കും എതിരെ ആദ്യ സെറ്റില്‍ 4–4ന് ഒപ്പം നിന്ന ശേഷമായിരുന്നു സാനിയ–കീസ് സഖ്യം വീണത്. രണ്ടാം സെറ്റില്‍ റഷ്യന്‍ താരങ്ങള്‍ക്ക് കാര്യമായ വെല്ലുവിളിയാവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.
ഗ്രാന്‍ഡ് സ്ലാം കരിയറിന് മെല്‍ബണില്‍ വിരാമം:സീസണ്‍ ഓപ്പണറായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റണ്ണറപ്പായാണ് സാനിയ തന്‍റെ ഗ്രാൻഡ് സ്ലാം കരിയര്‍ അവസാനിപ്പിച്ചത്. മിക്‌സഡ് ഡബിള്‍സില്‍ രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പമായിരുന്നു സാനിയ മെല്‍ബണില്‍ കളിക്കാന്‍ ഇറങ്ങിയത്. റോഡ് ലേവര്‍ അറീനയില്‍ നടന്ന മത്സരത്തില്‍ ബ്രസീലിന്‍റെ ലയുസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തോട് ഇന്ത്യന്‍ താരങ്ങള്‍ തോല്‍വി വഴങ്ങുകയായിരുന്നു. മത്സരത്തിന് ശേഷം മെല്‍ബണിലെ ആരാധകരോട് കണ്ണീരോടെയാണ് താരം വിട പറഞ്ഞത്.