ലണ്ടന്‍ : വിംബിൾഡൺ മിക്‌സഡ് ഡബിൾസിൽ സാനിയ മിർസ, ക്രൊയേഷ്യൻ താരം മാറ്റെ പാവിച് സഖ്യത്തിന് സെമിയില്‍ തോല്‍വി. നിലവിലെ ജേതാക്കളായ നീല്‍ സ്‌കുപ്‌സ്‌കി - ക്രൊസിക് സഖ്യത്തോടാണ് സാനിയ സഖ്യത്തിന്‍റെ പരാജയം. കിരീടത്തോടെ വിടവാങ്ങാമെന്ന മോഹവുമായി ഇറങ്ങിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിത ടെന്നിസ് താരം കണ്ണീരോടെ വിംബിള്‍ഡണിലെ പുല്‍കോര്‍ട്ടിനോട് വിടപറഞ്ഞു.സ്‌കോർ: 6-4, 5-7, 4-6.
ബ്രിട്ടീഷ് അമേരിക്കൻ സഖ്യത്തിനെതിരെ 6-4 ന് ആദ്യ സെറ്റ് നേടിയ ശേഷമാണ് സാനിയ സഖ്യത്തിന്‍റെ പരാജയം. രണ്ടാം സെറ്റ് 7-5 ന് നഷ്‌ടമായ ശേഷം മൂന്നാം സെറ്റിൽ അവസാന സർവീസിൽ ബ്രേക്ക് വഴങ്ങിയാണ് കീഴടങ്ങിയത്. 6-4 ന് ആണ് മൂന്നാം സെറ്റ് സാനിയ സഖ്യം കൈവിട്ടത്.
മത്സരത്തിൽ 10 എയ്‌സുകൾ ഉതിർത്ത സാനിയ സഖ്യം 3 തവണ ബ്രേക്ക് കണ്ടത്തിയെങ്കിലും 4 തവണ ബ്രേക്ക് വഴങ്ങി. വിംബിൾഡണിൽ അവസാന മത്സരം സെന്‍റർ കോർട്ടിൽ കളിച്ച് വിട പറയാനുള്ള അവസരം ഇതോടെ സാനിയക്ക് നഷ്‌ടമായി. ഈ സീസണിനൊടുവില്‍ വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു. 21 വര്‍ഷം വിംബിള്‍ഡണില്‍ കളിച്ച സാനിയ 2015ല്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം ഡബിള്‍സ് കിരീടം നേടിയിരുന്നു.
വിംബിള്‍ഡണിനോട് വിടപറഞ്ഞ് സാനിയ : സെമിയിലെ തോൽവിയോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിത ടെന്നിസ് താരങ്ങളിലൊരാളായ സാനിയ മിര്‍സ വിംബിള്‍ഡണിനോട് വിടപറഞ്ഞു. തോല്‍വിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ സാനിയ വികാരനിര്‍ഭരമായ ഒരു കുറിപ്പെഴുതി. 20 വര്‍ഷത്തോളം ടെന്നിസ് കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും വിംബിള്‍ഡണ്‍ കോര്‍ട്ടിനോട് വിടപറയുന്നതില്‍ സങ്കടമുണ്ടെന്നും സാനിയ കുറിച്ചു.