ബെംഗളൂരു : ഇന്ത്യയുടെ പ്രതിരോധ താരം സന്ദേശ് ജിങ്കന്‍ ഐഎസ്‌എല്‍ ക്ലബ് ബെംഗളൂരു എഫ്‍സിയില്‍ ചേര്‍ന്നു. എടികെ മോഹൻ ബഗാൻ കരാർ പുതുക്കാൻ വിസമ്മതിച്ചതോടെയാണ് ജിങ്കന്‍ പുതിയ തട്ടകത്തിലെത്തിയത്. ജിങ്കനെ സ്വാഗതം ചെയ്‌ത് ബെംഗളൂരു എഫ്‍സി ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
എടികെ മോഹൻ ബഗാൻ വിട്ട ജിങ്കന്‍ ബെംഗളൂരുവിലെത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ താരമായിരിക്കെ 2016-17 സീസണിൽ ലോൺ ജിങ്കന്‍ ബെംഗളൂരുവിനായി കളിച്ചിട്ടുണ്ട്. ബെംഗളൂരുവിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ജിങ്കന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്ന സമയത്തെ ഒട്ടേറെ ഓർമകൾ മനസിലുണ്ട്. അപ്പോള്‍ ടീമിന്‍റെ ഭാഗമായ പലരും ഇപ്പോഴും ബെംഗളൂരുവിനൊപ്പമുണ്ട്. അന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മികച്ച ഫലങ്ങളുണ്ടാക്കും ടീമിന് കഴിഞ്ഞിരുന്നുവെന്ന് ജിങ്കന്‍ പറഞ്ഞു.
ഐഎസ്എല്ലിന്‍റെ തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച സന്ദേശ് ജിങ്കന്‍ 2020-2021 സീസണിലാണ് എടികെയിലേക്ക് ചേക്കേറിയത്. 2021-22 സീസണില്‍ ക്രൊയേഷ്യന്‍ ക്ലബ്ബായ സിബെനിക്കുമായി ജിങ്കന്‍ കരാറിലെത്തിയെങ്കിലും പരിക്കുമൂലം ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് ഐഎസ്എല്ലില്‍ തിരികെയെത്തിയ ജിങ്കന്‍ വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്‌തു. കേരള ബ്ലാസ്‌റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍ മത്സരത്തിന് പിന്നാലെ ജിങ്കന്‍ നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശം രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.