ന്യൂഡല്‍ഹി:ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ (Brij Bhushan Singh) ലൈംഗിക പീഡന പരാതിയില്‍ ഡല്‍ഹി പൊലീസ് (Delhi Police) സമര്‍പ്പിച്ച കുറ്റപത്രം ലഭിച്ചതിന് ശേഷമാകും തുടര്‍ പ്രതിഷേധ പരിപാടികളെ കുറിച്ച് തീരുമാനിക്കുന്നതെന്ന് സാക്ഷി മാലിക്ക് (Sakshi Malikkh). അഖിലേന്ത്യ റസ്‌ലിങ് ഫെഡറേഷന്‍ (WFI) മേധാവി ബ്രിജ് ഭൂഷണെതിരെ വനിത ഗുസ്‌തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ ഇന്നലെ (15 ജൂണ്‍) ആയിരുന്നു അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് സാക്ഷി മാലിക്കിന്‍റെ പ്രതികരണം.
പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബ്രിജ് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് പറയുന്നുണ്ട്. എന്നിരുന്നാലും, അത് ലഭിക്കാനായി ഞങ്ങളുടെ അഭിഭാഷകന്‍ ഒരു അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. അത് ലഭിച്ച ശേഷം ഞങ്ങള്‍ക്കും കൂടുതല്‍ കാര്യങ്ങള്‍ അറിയണമെന്നുണ്ട്.
കുറ്റപത്രത്തില്‍ എന്തെല്ലാമാണ് ശരിയായിട്ടുള്ളത് എന്ന് ഞങ്ങള്‍ക്ക് വ്യക്തത വരുത്തണം. അതിന് ശേഷം മാത്രമായിരിക്കും ഇതില്‍ ഭാവി പരിപാടികളെ കുറിച്ച് ഞങ്ങള്‍ തീരുമാനം എടുക്കുന്നത്' സാക്ഷി മാലിക്ക് പറഞ്ഞു. ഇന്നലെ അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രമായിരുന്നു ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
ഐപിസി സെക്ഷൻ 354 (സ്‌ത്രീയെ പ്രകോപിപ്പിക്കുക എന്ന ഉദ്ധേശത്തേടെ നടത്തുന്ന ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം), 354 എ (ലൈംഗിക പീഡനം), 354ഡി (പിന്തുടരല്‍), 506 (ഭീഷണിപ്പെടുത്തുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്‌തവ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വരുന്ന ജൂലൈ നാലിനാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
അതേസമയം, സാഹചര്യ തെളിവുകളുടെ അഭാവം ഉള്ളതിനാല്‍ ബ്രിജ് ഭൂഷണെതിരായ പോക്‌സോ കേസ് ഒഴിവാക്കണമെന്നും കുറ്റപത്രത്തില്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്‍റെ പരാതിയില്‍ തെളിവുകളൊന്നും ഇല്ല. അതുകൊണ്ട് തന്നെ പോക്‌സോ ചുമത്താന്‍ സാധിക്കില്ല.
ഈ സാഹചര്യത്തില്‍ കേസ് റദ്ധാക്കണം എന്നുമാണ് കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരാതിക്ക് അടിസ്ഥാന തെളിവുകള്‍ ഒന്നും ഇല്ലെന്നാണ് പൊലീസിന്‍റെ വാദം. അതേസമയം നേരത്തെ, വ്യക്തിവൈരാഗ്യം മൂലം കേസ് കെട്ടിച്ചമച്ചതാണ് എന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞിരുന്നു.
പ്രതികാര പരാതിയെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍:2022ല്‍ നടന്ന ഏഷ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പ് ട്രയല്‍സില്‍ തോറ്റതിലുള്ള പക മൂലമാണ് വ്യാജ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ട്രയല്‍സിലെ തോല്‍വിക്ക് കാരണമായ റഫറിയുടെ തീരുമാനത്തിന് പിന്നില്‍ ബ്രിജ് ഭൂഷണ്‍ ആണെന്ന ധാരണയിലായിരുന്നു. ഇക്കാരണത്താലാണ് പ്രതികാരം ചെയ്യാന്‍ വേണ്ടി വ്യാജ പരാതി നല്‍കിയത് എന്നായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞത്. ഇതും പൊലീസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെതിരെ കഴിഞ്ഞ ഏപ്രിൽ 28 നാണ് കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ ഡൽഹി പൊലീസ് രണ്ട് ലൈംഗിക പീഡനക്കേസുകൾ രജിസ്റ്റർ ചെയ്‌തത്. പിന്നാലെ അന്വേഷണ സംഘം 180-ഓളം പേരെ ചോദ്യം ചെയ്യുകയും അഞ്ച് രാജ്യങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കു ശേഖരിക്കുകയും ചെയ്‌തിരുന്നു. ഇന്തോനേഷ്യ, ബൾഗേറിയ, കിർഗിസ്ഥാൻ, മംഗോളിയ, കസാക്കിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞത്.
Also Read :Wrestlers Protest | 'ആക്രമിക്കപ്പെടുമ്പോള്‍ ആ താരം മൈനര്‍' : ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ അന്താരാഷ്‌ട്ര റഫറി ജഗ്ബീർ സിങ്