അഹമ്മദാബാദ് : ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിൽ നീന്തലിൽ മെഡൽ കൊയ്‌ത്ത് തുടർന്ന് കേരളത്തിന്‍റെ സജൻ പ്രകാശ്. വ്യാഴാഴ്‌ച നടന്ന പുരുഷ വിഭാഗം 50 മീറ്റർ ബീസ്റ്റ് സ്‌ട്രോക്കിൽ സ്വർണം നേടിയതോടെ ഗെയിംസിൽ സജന്‍റെ സ്വർണ നേട്ടം മൂന്നായി ഉയർന്നു. 25.10 സെക്കന്‍ഡിലായിരുന്നു താരത്തിന്‍റെ ഫിനിഷിങ്. ഇത്തവണത്തെ ഗെയിംസിൽ സജന്‍റെ ആറാം മെഡൽ കൂടിയാണിത്.
National Games 2022 | സ്വർണ മത്സ്യമായി സജൻ പ്രകാശ് ; നീന്തലിൽ മൂന്നാം സ്വർണം - ദേശിയ ഗെയിംസ്
പുരുഷ വിഭാഗം 50 മീറ്റർ ബീസ്റ്റ് സ്‌ട്രോക്ക്, 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക്, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക് എന്നീ ഇനങ്ങളിലാണ് സജൻ സ്വർണം നേടിയത്
ഇന്ന് നടന്ന പുരുഷൻമാരുടെ 800 മീറ്റർ ഫ്രീസ്റ്റൈലിൽ സജൻ വെങ്കലം നേടിയിരുന്നു. നേരത്തെ പുരുഷന്‍മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും സജന്‍ സ്വര്‍ണം നേടിയിരുന്നു. പുരുഷന്‍മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ വെള്ളി നേടിയ സജന്‍, 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും വെള്ളി സ്വന്തമാക്കിയിരുന്നു.
അതേസമയം ദേശീയ ഗെയിംസ് ഫുട്‌ബോളിൽ കേരളം സെമിയിൽ പ്രവേശിച്ചു. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് കേരളം സെമിയിലേക്ക് കടന്നത്. ഇന്ന് നടന്ന മത്സരത്തിൽ മണിപ്പൂരിനെ 3-2നാണ് കേരളം പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് കേരളം വിജയം പിടിച്ചെടുത്തത്. നേരത്തെ ഒഡിഷയെയും സര്‍വീസസിനെയും കേരളം പരാജയപ്പെടുത്തിയിരുന്നു.