റോം : മലയാളി നീന്തൽ താരം സജൻ പ്രകാശിന് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത. റോമിൽ നടന്ന കോളി ട്രോഫിയിലാണ് സജൻ ചരിത്രം കുറിച്ച് ഒളിമ്പിക്സിലേക്ക് നീന്തിക്കയറിയത്. 1:56:38 സെക്കൻഡില്‍ ഒന്നാമതെത്തിയ താരം എ വിഭാഗത്തിലാണ് ടോക്കിയോയ്ക്ക് ടിക്കറ്റെടുത്തത്.
ഇതോടെ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന നേട്ടവും 27കാരനായ സജൻ സ്വന്തമാക്കി. 1:56.48 സെക്കന്റായിരുന്നു ഒളിമ്പിക്സിന് നേരിട്ട് യോഗ്യതയ്ക്ക് വേണ്ടിയിരുന്ന സമയം. ടോക്കിയോയില്‍ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാവും സജൻ മത്സരിക്കുക.