ബെംഗളൂരു: സാഫ് കപ്പ് (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പ്) ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ബദ്ധവൈരികളായ ഇന്ത്യയോട് വമ്പന്‍ തോല്‍വി വഴങ്ങിയ പാകിസ്ഥാന് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഇന്ത്യയ്‌ക്കായി ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കിന് പുറമെ ഉദാന്ത സിങ്ങും ലക്ഷ്യം കണ്ടപ്പോള്‍ പാകിസ്ഥാന് മറുപടിയുണ്ടായിരുന്നില്ല. ഇതോടെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റത്.
കഴിഞ്ഞ ബുധനാഴ്‌ച ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ മുഴുവന്‍ സമയവും ആധിപത്യം ഇന്ത്യക്കായിരുന്നു എന്നതിൽ തർക്കമില്ല. എന്നാല്‍ തോല്‍വിക്ക് യാത്ര പ്രശ്‌നങ്ങളെ പഴി ചാരിയിരിക്കുകയാണ് പാകിസ്ഥാന്‍ പരിശീലകന്‍ തോര്‍ബന്‍ വിതജെവ്‌സ്‌കി. ഇന്ത്യയ്‌ക്കെതിരായ തങ്ങളുടെ പ്രകടനത്തിൽ ടീമിന്‍റെ വിസ, ടിക്കറ്റ് പ്രശ്‌നങ്ങള്‍ വലിയ പങ്കുവഹിച്ചതായാണ് തോര്‍ബന്‍ വിതജെവ്‌സ്‌കി പറയുന്നത്.
"ഞങ്ങൾക്ക് ഏറെ വൈകിയായിരുന്നു വിസ ലഭിച്ചത്. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് മുംബൈ എയർപോർട്ടിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായി. കളിക്കാരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാണ് അതുണ്ടാക്കിയത്. ബുധനാഴ്‌ച ഒന്നരയോടെയാണ് അവസാന സംഘം ഹോട്ടലിലെത്തിയത്.
ഏകദേശം 16 മണിക്കൂറിന് ശേഷം. തീര്‍ത്തും ഏറെ കഠിനമായിരുന്ന സാഹചര്യം ആയിരുന്നുവത്. നിങ്ങൾ അത്തരം സാഹചര്യത്തെ നേരിടേണ്ടതുണ്ട്. അല്ലാതെ ഒന്നും മാറ്റാന്‍ കഴിയില്ല"- പാകിസ്ഥാന്‍ പരിശീലകന്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.
വിസ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പാകിസ്ഥാന്‍റെ ഇന്ത്യയിലേക്കുള്ള വരവ് ഏറെ നാടകീയമായിരുന്നു. ദേശീയ ബോര്‍ഡിന്‍റെ എന്‍ഒസി ലഭിക്കാതിരുന്നതിനാല്‍ പാകിസ്ഥാന്‍ ഫുട്‌ബോള്‍ ടീം ഏറെ വൈകിയായിരുന്നു വിസയ്‌ക്ക് അപേക്ഷിച്ചത്. ഇതിനിടെ വാരാന്ത്യത്തില്‍ ഇന്ത്യൻ എംബസി അടച്ചതോടെ ടീമിന്‍റെ വിസ പ്രോസസിങ്ങില്‍ കാലതാമസം നേരിട്ടു. തുടര്‍ന്ന് തിങ്കളാഴ്‌ച രാത്രിയോടെയാണ് എല്ലാ അപേക്ഷകളും ഇന്ത്യന്‍ എംബസി തീര്‍പ്പാക്കിയത്.