ബെംഗളൂരു:സാഫ് കപ്പ് (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പ്) ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നേപ്പാളാണ് എതിരാളി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ മിന്നും വിജയം നേടിയ ആത്മവിശ്വാസത്തില്‍ ഇന്ത്യയെത്തുമ്പോള്‍ കുവൈറ്റിനോട് തോല്‍വി വഴങ്ങിയാണ് നേപ്പാള്‍ എത്തുന്നത്.
പാകിസ്ഥാനെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ആതിഥേയരായ ഇന്ത്യ കളി പിടിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കിന് പുറമെ ഉദാന്ത സിങ്ങായിരുന്നു ഇന്ത്യയ്‌ക്കായി ഗോളടിച്ചത്. ഇന്ന് വിജയം നേടിയാല്‍ സെമിഫൈനലിനോട് കൂടുതല്‍ അടുക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമ്പോള്‍ തോല്‍വി നേപ്പാളിന്‍റെ നിലനില്‍പ്പ് പരുങ്ങലിലാക്കും.
ആദ്യ മത്സരത്തില്‍ കുവൈത്തിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു നേപ്പാള്‍ കീഴടങ്ങിയത്. അന്താരാഷ്‌ട്ര ഫുട്ബോളിൽ 90 ഗോളുകള്‍ തികച്ച ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഫോം ഇന്ത്യയുടെ മുതല്‍ക്കൂട്ടാണ്. ആഷിക് കുരുണിയന്‍, സഹല്‍ അബ്‌ദുള്‍ സമദ് എന്നിവരാണ് ടീമിലെ മലയാളികള്‍. നേപ്പാളിനെതിരെ നേരത്തെ കളിച്ചിട്ടുണ്ടെന്ന് അബ്‌ദുള്‍ സമദ് പറഞ്ഞു. നേപ്പാള്‍ നിര്‍ഭയരായി കളിക്കുന്ന ടീമാണ്. എന്നാല്‍ അവരെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും മലയാളി താരം കൂട്ടിച്ചേര്‍ത്തു.
മുന്‍ കണക്ക്: നിലവിലെ ഫിഫ റാങ്കിങ്ങില്‍ നേപ്പാള്‍ 174-ാമതും ഇന്ത്യ 101-ാം സ്ഥാനത്തുമാണുള്ളത്. നേരത്തെ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ നേപ്പാളിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതേവരെ 23 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 16 മത്സരങ്ങളും വിജയിച്ചത് ഇന്ത്യയാണ്.