ബെംഗളൂരു:സാഫ് കപ്പില്‍ (South Asian Football Federation Cup - SAFF) തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ (India). ബെംഗളൂരു ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേപ്പാളിനെ (Nepal) തകര്‍ത്താണ് ഇന്ത്യ രണ്ടാമത്തെ ജയം സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യന്‍ സംഘം വിജയമാഘോഷിച്ചത്. ക്യാപ്‌റ്റന്‍ സുനില്‍ ഛേത്രി (Sunil Chhetri), മഹേഷ് സിങ് (Mahesh Singh) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ഈ ജയത്തോടെ ഇന്ത്യ സെമി ഫൈനലില്‍ ഒരു സ്ഥാനവും ഉറപ്പിച്ചിട്ടുണ്ട്.
ആറ് പോയിന്‍റോടെ ഇന്ത്യ നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കുവൈത്ത് ആണ് ഒന്നാം സ്ഥാനത്ത്. ആദ്യ മത്സരത്തില്‍ നേപ്പാള്‍ കുവൈത്തിനോടും തോല്‍വി വഴങ്ങിയിരുന്നു.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യയുടെ വരവ്. എന്നാല്‍, മത്സരത്തിന്‍റെ തുടക്കത്തില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ അവര്‍ക്കായില്ല. കാര്യമായ മുന്നേറ്റങ്ങളൊന്നും മത്സരത്തിന്‍റെ ഒന്നാം പകുതിയില്‍ ഇരു ടീമില്‍ നിന്നും ഉണ്ടായില്ല. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിലാണ് ഇന്ത്യ, മത്സരത്തിലെ രണ്ട് ഗോളുകളും നേപ്പാള്‍ വലയില്‍ എത്തിച്ചത്. മത്സരത്തിന്‍റെ 61-ാം മിനിറ്റിലാണ് നേപ്പാളിന്‍റെ പ്രതിരോധക്കോട്ട തകര്‍ത്ത് ഇന്ത്യ ഗോള്‍വലയിലേക്ക് പന്ത് എത്തിച്ചത്. മഹേഷ് സിങ് നല്‍കിയ ക്രോസ് വലയിലേക്ക് ടാപ്പ് ചെയ്‌തിട്ട് സുനില്‍ ഛേത്രിയാണ് ഇന്ത്യയ്‌ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഇന്ത്യന്‍ നായകന്‍റെ 91-ാം ഗോള്‍ കൂടിയായിരുന്നു ഇത്.
70-ാം മിനിറ്റില്‍ ഇന്ത്യ രണ്ടാം ഗോളും നേടി. മഹേഷ് സിങ്ങിന്‍റെ വകയായിരുന്നു ഈ ഗോള്‍. ക്യാപ്‌റ്റന്‍ സുനില്‍ ഛേത്രിയുടെ തകര്‍പ്പന്‍ ഒരു ഷോട്ട് നേപ്പാള്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി.