ബെംഗളൂരു: സാഫ് കപ്പ് (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പ്) ഫുട്‌ബോളില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ഇന്ത്യന്‍ പരിശീലകന്‍ ഇഗോർ സ്റ്റിമാകിന് ഒരു മത്സരത്തില്‍ വിലക്ക്. ഒന്നിലധികം മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്താൻ തക്ക ഗൗരവമുള്ള കുറ്റമല്ല ഇഗോർ സ്റ്റിമാക് ചെയ്‌തതെന്നും അതിനാല്‍ തുടർനടപടികൾക്കായി അച്ചടക്ക സമിതിയിലേക്ക് റഫർ ചെയ്യില്ലെന്നും സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറൽ സെക്രട്ടറി അൻവറുള്‍ ഹഖ് പറഞ്ഞു.
വിലക്ക് ലഭിച്ചതോടെ നാളെ നേപ്പാളിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഡഗൗട്ടില്‍ മുഖ്യ പരിശീലകനായ ഇഗോർ സ്റ്റിമാക് ഉണ്ടാവില്ല. തുടര്‍ന്ന് കുവൈത്തിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലൂടെയാവും സ്റ്റിമാക് ഇന്ത്യന്‍ ഡഗൗട്ടില്‍ തിരിച്ചെത്തുക. ഏറെ പരിചയസമ്പന്നനായ പരിശീലകനും 1998 ലോകകപ്പില്‍ വെങ്കല മെഡൽ ജേതാവുമാണ് ഇഗോർ സ്റ്റിമാക്. എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ആദ്ദേഹം അനാവശ്യമായി ചുവപ്പുകാർഡ് ചോദിച്ചുവാങ്ങുകയായിരുന്നു.
പാകിസ്ഥാന് അനുകൂലമായി ത്രോ ബോള്‍ ലഭിച്ചപ്പോഴായിരുന്നു സംഭവം ഉണ്ടായത്. പാക് താരം അബ്ദുള്ള ഇഖ്ബാൽ പന്ത് ത്രോ-ഇൻ ചെയ്യാൻ ഒരുങ്ങവെ സ്റ്റിമാക് പന്ത് കൈകൊണ്ട് തട്ടുകയായിരുന്നു. തുടര്‍ന്ന് ഫോർത്ത് ഒഫീഷ്യലുമായും ഇന്ത്യന്‍ കോച്ച് തര്‍ക്കിച്ചു. ഇതില്‍ പാക് ഒഫീഷ്യൽസും ഇടപെട്ടതോടെ പ്രശ്‌നം വഷളാവുമെന്ന് തോന്നിച്ചെങ്കിലും റഫറി പ്രജ്വൽ ഛേത്രി ഉള്‍പ്പെടെയുള്ളവര്‍ ഉടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഇഗോർ സ്റ്റിമാകിന് ചുവപ്പുകാർഡും പാക് ഒഫീഷ്യലിന് മഞ്ഞക്കാർഡും ലഭിക്കുകയും ചെയ്‌തിരുന്നു.
തന്‍റെ കളിക്കാരെ സംരക്ഷിക്കുന്നതിനായി വേണ്ടിവന്നാല്‍ ഇക്കാര്യം ഇനിയും ചെയ്യുമെന്ന് മത്സര ശേഷം ഇഗോർ സ്റ്റിമാക് ട്വീറ്റ് ചെയ്‌തിരുന്നു. 'ഫുട്‌ബാൾ ഒരു അഭിനിവേശമാണ്, പ്രത്യേകിച്ച് നിങ്ങളുടെ രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍. ഞാന്‍ ചെയ്‌ത കാര്യത്തിന് നിങ്ങൾക്ക് എന്നെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യാം, പക്ഷേ ഞാൻ ഒരു യോദ്ധാവാണ്, ന്യായീകരിക്കാന്‍ കഴിയാത്ത തീരുമാനങ്ങളുണ്ടാവുമ്പോള്‍ കളിക്കളത്തിലെ എന്‍റെ താരങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിവന്നാൽ ഇത് ഞാന്‍ വീണ്ടും ചെയ്യും', ഇഗോർ സ്റ്റിമാക് ട്വിറ്ററില്‍ വ്യക്തമാക്കി.